മുരിക്കാശ്ശേരി: 2018ലെ ഉരുൾപൊട്ടലിൽ തകർന്ന റോഡിലൂടെയുള്ള കൃത്യനിർവഹണത്തിനായുള്ള യാത്രയിൽ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനിലെ വാഹനം അപകടത്തിൽപ്പെട്ടു. തോപ്രാംകുടി ലത്തീൻ പള്ളിപ്പടി – മാലികുത്ത് റോഡിൽ വെള്ളിയാഴ്ച വൈകിട്ടു ആറുമണിയോടെ സംഭവിച്ച അപകടത്തിൽ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണ്.
അഞ്ചു വർഷം മുമ്പുണ്ടായ പ്രളയത്തിൽ തകർന്നുപോയ റോഡിൽ മഴപെയ്ത് ചെളിയായത് മൂലം വാഹനം റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് നീങ്ങുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വാഹനം അധികം താഴ്ചയിലേക്ക് പോകാതെ രക്ഷപ്പെടുത്താൻ സാധിച്ചു. തകർന്ന റോഡ് നന്നാക്കാൻ വർഷങ്ങളായി നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അധികൃതരുടെ അനാസ്ഥയിൽ ഇന്നും പ്രദേശ വാസികൾ ദുരിതത്തിലാണ്.