സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ ജൂണ്‍ 21 വരെ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 2024 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാർഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളില്‍ പ്രവാസി ഭാരതീയരുടെ വോട്ടർപട്ടികയും തയാറാക്കുന്നുണ്ട്. അന്തിമ വോട്ടർപട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. നിയമസഭ, ലോക്സഭ വോട്ടർപട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടർപട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമാണ്. നിയമസഭ,ലോക്സഭ വോട്ടർപട്ടികയില്‍ പേരുണ്ടെങ്കിലും തദ്ദേശവോട്ടർപട്ടികയില്‍ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.
തദ്ദേശവോട്ടർപട്ടികയുടെ കരട് sec.kerala.gov.in വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് ,താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. പുതുതായി പേര് ചേർക്കുന്നതിനും (ഫോറം 4), ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) sec.kerala.gov.in വെബ്സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷകന്റെ മൊബൈല്‍ നമ്ബറുപയോഗിച്ച് സിറ്റിസണ്‍ രജിസ്ട്രേഷൻ നടത്തി വേണം അപേക്ഷ നല്‍കേണ്ടത്.
ജില്ല, തദ്ദേശസ്ഥാപനം, വാർഡ് , പോളിംഗ് സ്റ്റേഷൻ എന്നിവ തിരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നല്‍കണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് ഹിയറിംഗ് വേളയില്‍ നേരിട്ട് നല്‍കാവുന്നതാണ്. അക്ഷയ സെന്റർ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്ബോള്‍ ഹീയറിംഗിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ അപേക്ഷകൻ ആവശ്യമായ രേഖകള്‍സഹിതം ഹീയറിംഗിന്ഹാജരാകണം.
ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കുന്ന കേസുകളില്‍ രേഖകള്‍ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വീഡിയോകോള്‍ മുഖേനയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പാക്കി ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ഉചിത നടപടി സ്വീകരിക്കാവുന്നതാണ്. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ലൈനില്‍ രജിസ്റ്റർ ചെയത് പ്രിന്റ് എടുത്ത് നേരിട്ടോ തപാലിലോ ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം.
ഓണ്‍ലൈനില്‍ രജിസ്റ്റർ ചെയ്യാതെയും അവ നിർദ്ദിഷ്ട ഫാറത്തില്‍ നേരിട്ട് നല്‍കാവുന്നതാണ്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാർ. ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കേണ്ടത് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്കാണ്.