താനൂര്‍ കസ്റ്റഡി മരണം; കേസ് അട്ടിമറിക്കാന്‍ നീക്കം ആരോപണങ്ങളുമായി ഫോറന്‍സിക് സര്‍ജന്‍

താനൂര്‍ കസ്റ്റഡി മരണം; കേസ് അട്ടിമറിക്കാന്‍ നീക്കം ആരോപണങ്ങളുമായി ഫോറന്‍സിക് സര്‍ജന്‍
alternatetext

മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കര്‍. കേസ് അട്ടിമറിക്കാന്‍ ഫോറന്‍സിക് വിധഗ്ധരുടെ ഭാഗത്ത് നിന്നും നീക്കങ്ങളുണ്ടായെന്ന് ഹിതേഷ് ശങ്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. പോലീസ് ഗ്രൂപ്പുകളില്‍ തനിക്കെതിരെ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലെന്നും പ്രതികളുടെ വലുപ്പച്ചെറുപ്പം നോക്കിയല്ലെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെ ഉത്തരവാദിത്തം നിര്‍വഹിക്കാനായെന്നും ഹിതേഷ് ശങ്കര്‍ വ്യക്തമാക്കി.

താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ ഹിതേഷ് ശങ്കറായിരുന്നു. ശരീരത്തിലേറ്റ പരിക്കുകളും മരണ കാരണമായെന്നായിരുന്നു ഡോ ഹിതേഷിന്‍റെ റിപ്പോര്‍ട്ട്. എന്നാല്‍ മരണ കാരണം ഉള്‍പ്പെടെ നിര്‍ണ്ണായക വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതായി ആരോപിച്ച്‌ ഹിതേഷ് ശങ്കറിനെതിരെ പോലീസ് രംഗത്തെത്തിയിരുന്നു. അടുത്ത ബന്ധു ഉള്‍പ്പെട്ട കേസ് ഒത്തുതീര്‍ക്കാത്തതിലുളള വിരോധം തീര്‍ക്കുകയാണെന്ന ആരോപണവും പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.