കായംകുളം: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് ഒന്നര ലക്ഷം രൂപ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ യുവാക്കള്‍ അറസ്‌റ്റില്‍. വയനാട് സ്വദേശികളായ മിഥുന്‍ദാസ്(19), ഇയാളുടെ കൂട്ടാളി അക്ഷയ്(21) എന്നിവരാണ് അറസ്‌റ്റിലായത്.
ചേപ്പാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ സ്‌നാപ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം വാഹനത്തിന്റെ ആര്‍.സി ബുക്ക് പണയം വച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിദ്യാര്‍ഥിനിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന ഒരു ജോഡി സ്വര്‍ണ പാദസരവും ഒന്നേമുക്കാല്‍ പവന്‍ വരുന്ന ലോക്കറ്റോട് കൂടിയ മാലയും ഉള്‍പ്പെടെ മൂന്നേ മുക്കാല്‍ പവന്‍ സ്വര്‍ണമാണ് കൈക്കലാക്കിയത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കരീലക്കുളങ്ങര പോലീസ് ഇവരെ പിടികൂടിയത്. എസ്.എച്ച്.ഒ: ഏലിയാസ്.പി.ജോര്‍ജിന്റെ നേതൃത്വത്തില്‍, എസ്.ഐമാരായ അഭിലാഷ്, ശ്രീകുമാര്‍, സുരേഷ്, സീനിയര്‍ സിപി.ഒ: സജീവ്‌കുമാര്‍, അനില്‍കുമാര്‍, അനി, സിപി.ഒമാരായ ഷാഫി, വിഷ്‌ണു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്‌തു