തിരുവനന്തപുരം: എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷയ്ക്ക് വിദ്യാർത്ഥികളില്‍ നിന്നും പണം പിരിക്കാൻ സർക്കുലർ പുറത്ത്. ഒരു വിദ്യാർത്ഥിയില്‍ നിന്ന് പത്തു രൂപ വീതം പിരിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിറക്കിയ സർക്കുലറില്‍ ഉള്ളത്. ഇതാദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളില്‍ നിന്നും പണം ഈടാക്കുന്നത്. എസ്‌സി- എസ്ടി, ഒഇസി വിദ്യാർഥികള്‍ പണം അടക്കേണ്ടതില്ല. മറ്റുള്ള വിദ്യാർഥികള്‍ ഹെഡ്മാസ്റ്റർ മുഖേന കൃത്യമായി തുക അടക്കണമെന്നും സർക്കുലറില്‍ പറയുന്നു.
വിദ്യാർത്ഥികളില്‍ നിന്ന് ശേഖരിക്കുന്ന തുകയില്‍ നിന്ന് ചോദ്യപേപ്പർ അച്ചടിക്കുന്ന വകയില്‍ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എന്ന പേരില്‍ ഡിമാൻഡ് ഡ്രാഫ്റ്റാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തിക്കണമെന്നും നിർദേശമുണ്ട്.
ഫെബ്രുവരി 19 മുതല്‍ 23 വരെയാണ് എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ നടക്കുക. സർക്കുലർ ഇറങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കാനാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിയുടെ നീക്കം.