പാലക്കാട്: ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണ് വാളയാർ അതിർത്തിയിൽ നിന്നും 75കിലോ കഞ്ചാവുമായി എത്തിയ കാർ പിടികൂടിയത്. സംഭവത്തിൽ അഗളി സ്വദേശി സുരേഷ്കുമാർ, മുതലമട സ്വദേശി ഇർഷാദ് എന്നിവരെ കസ്റ്റഡിയിലെടുത്തു. പതിവായി കഞ്ചാവ് കടത്തുന്ന ഇവർ രഹസ്യ അറകളോടെ പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള കാറാണ് പിടികൂടിയത്.
സീറ്റിൽ സ്പോഞ്ചിനു പകരം കഞ്ചാവ് കെട്ടുകളാണ് ഉപയോഗിച്ചത്. കൂടാതെ കഞ്ചാവ് കെട്ടുകൾ സൂക്ഷിക്കാനായി വിവിധ രഹസ്യ അറകളും കാറിനുള്ളിൽ ഉണ്ടായിരുന്നു. പ്രതികൾ ആന്ധ്രയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് പാലക്കാട്, മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലായി ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയാണ് പതിവ്. അതാത് സംസ്ഥാനങ്ങളിലെ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് നിയമപാലകരേയും തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ കഞ്ചാവ് കടത്തിയിരുന്നത്.