തൃശൂര്‍: കേരളം നിയമസഭ സ്പീക്കര്‍ എ.എൻ ഷംസീറിനും തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനുമെതിരെ പാറമേക്കാവ് ദേവസ്വം. മിത്ത്, സനാതനധര്‍മ്മ പരാമര്‍ശങ്ങളിലാണ് ഇരു നേതാക്കള്‍ക്കെതിരെയും പേരെടുത്ത് പറയാതെ വിമര്‍ശനം ഉന്നയിച്ച് പാറമേക്കാവ് ദേവസ്വം പ്രസ്താവനയിറക്കിയത്. ഗണപതി ഒരു മിത്താണെന്ന് പ്രസ്താവിച്ച് ഹൈന്ദവജനസമൂഹത്തെ ഒന്നാകെ ആക്ഷേപിക്കുകയും അപമാനിക്കുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തതില്‍ പാറമേക്കാവ് ഭരണസമിതിയോഗം കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
സനാതന ധര്‍മ്മത്തിനെതിരെയുള്ള ആഹ്വാനം അര്‍ഹിക്കുന്ന അവഗണനയോടെ തളളിക്കളയേണ്ടതാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ഉത്തരം പ്രവണതകള്‍ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. അവരെ നിയന്ത്രിക്കേണ്ടത് അതാത് രാഷ്ട്രീയ കക്ഷികളുടെ ഉത്തരവാദിത്വവും ചുമതലയുമാണ്. ഇത്തരം പ്രവണതകള്‍ ആസൂത്രിതമാണ്. ഭാരതത്തിന്റെ നിലനില്‍പ്പ് തന്നെ എല്ലാ മനുഷ്യരേയും നിരീശ്വരവാദികളെപ്പോലും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സനാതന ധര്‍മ്മത്തിന്റെ വെളിച്ചമുള്‍ക്കൊണ്ടാണ്. ഇത്തരം പ്രസ്താവനകള്‍ സമൂഹത്തില്‍ വിദ്വേഷവും പരസ്പര സ്പര്‍ദ്ദയും വളര്‍ത്തുവാൻ മാത്രമേ സഹായിക്കൂവെന്നും പാറമേക്കാവ് ദേവസ്വം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.