ഡല്‍ഹി: സിം വില്‍ക്കുന്നവര്‍ക്ക് പൊലീസ് വെരിഫിക്കേഷന്, ബയോമെട്രിക് വെരിഫിക്കേഷന്, രജിസ്റ്റേഷന് എന്നിവ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മൊബൈല്‍ ഫോണ്‍ കണക്ഷന് രംഗത്തെ തട്ടിപ്പുകള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
വലിയ തോതില്‍ കണക്ഷനുകള്‍ നല്‍കുന്നതിനും ഇനി മുതല്‍ നിയന്ത്രണമുണ്ടാവും. വലിയ അളവില്‍ സിം വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും കെവൈസി നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. “മൊബൈല്‍ സിം കാര്‍ഡുകളുടെ പുതിയ ഡീലര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷനും ബയോമെട്രിക് പരിശോധനയും നിര്‍ബന്ധമാക്കും. എല്ലാ പോയിന്റ് ഓഫ് സെയില്‍ ഡീലര്‍മാര്‍ക്കും രജിസ്ട്രേഷനും നിര്‍ബന്ധമാക്കും,” അശ്വിനി വൈഷ്ണവ് ഒരു ബ്രീഫിംഗില്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമം ലംഘിക്കുന്നവരില്‍ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഞ്ചാര്‍ സാതി പോര്‍ട്ടല്‍ ആരംഭിച്ചതിന് ശേഷം 52 ലക്ഷം കണക്ഷനുകള്‍ സര്‍ക്കാര്‍ കണ്ടെത്തി നിര്‍ജീവമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ പരിശോധനയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ വില്‍ക്കുന്ന 67,000 ഡീലര്‍മാരെയും സര്‍ക്കാര്‍ കരിമ്ബട്ടികയില്‍ പെടുത്തി. 2023 മെയ് മുതല്‍ 300 സിം കാര്‍ഡ് ഡീലര്‍മാര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നേരത്തെ, ആളുകള്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ മൊത്തമായി വാങ്ങിയിരുന്നു. ഇതിനായി സിം കാര്‍ഡുകള്‍ മൊത്തമായി വാങ്ങാൻ വ്യവസ്ഥയുമുണ്ടായിരുന്നു. ഇതോടെ ഈ വ്യവസ്ഥ അവസാനിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. പകരം, വ്യാജ കോളുകള്‍ തടയാൻ സഹായിക്കുന്ന ശരിയായ ബിസിനസ് കണക്ഷൻ പ്രൊവിഷൻ ഞങ്ങള്‍ കൊണ്ടുവരും,” മന്ത്രി അറിയിച്ചു. രാജ്യത്ത് 10 ലക്ഷം സിം ഡീലര്‍മാരുണ്ടെന്നും അവര്‍ക്ക് പോലീസ് വെരിഫിക്കേഷന് മതിയായ സമയം നല്‍കുമെന്നും വൈഷ്ണവ് പറഞ്ഞു.ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ബള്‍ക്ക് കണക്ഷനുകള്‍ നല്‍കുന്നത് നിര്‍ത്തിയിട്ടുണ്ടെന്നും പകരം ബിസിനസ് കണക്ഷൻ എന്ന പുതിയ ആശയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.