സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ എ ബി വി പി യുടെ നിരാഹാര സമരം

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ എ ബി വി പി യുടെ നിരാഹാര സമരം
alternatetext

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നിരാഹാര സമരം ആരംഭിച്ച്‌ എബിവിപി. സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലാണ് 24 മണിക്കൂര്‍ ഉപവാസ സമരം. മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യുക, കോളേജ് ഡീനിനെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

അതേസമയം സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികളില്‍ ഒരാള്‍ കൂടി കീഴടങ്ങി. മലപ്പുറം സ്വദേശിയും നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അമീന്‍ അക്ബര്‍ അലിയാണ് കീഴടങ്ങിയത്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ വൈകീട്ടോടെയാണ് ഇയാള്‍ ഹാജരായത്. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 11 ആയി.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥിനെ ഫെബ്രുവരി 18ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്‌സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച്‌ കെട്ടിതൂക്കിയെന്നും ആരോപണം ഉയര്‍ന്നു. എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതികളെന്നും കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നല്‍കി. സംഭവം വിവാദമാകുകയും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെ, എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയന്‍ ചെയര്‍മാനും അടക്കമുള്ളവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ പത്തൊമ്ബത് പേര്‍ക്ക് പഠന വിലക്കേര്‍പ്പെടുത്തി. കോളേജ് ആന്റി റാഗിങ് സമിതിയുടേതാണ് നടപടി. മൂന്ന് വര്‍ഷത്തേക്കാണ് വിദ്യാര്‍ത്ഥികളെ വിലക്കിയിരിക്കുന്നത്. ഇതോടെ ഇവര്‍ക്ക് രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല.