സിദ്ധാര്‍ത്ഥന്റെ മരണം: എസ്‌എഫ്‌ഐയുടെ പങ്ക് വ്യക്തമെന്ന് ഗവര്‍ണര്‍

സിദ്ധാര്‍ത്ഥന്റെ മരണം: എസ്‌എഫ്‌ഐയുടെ പങ്ക് വ്യക്തമെന്ന് ഗവര്‍ണര്‍
alternatetext

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‌റെ മരണത്തില്‍ എസ്‌എഫ്‌ഐയുടെ പങ്ക് വ്യക്തമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിതാവിന്‌റെ പരാതിയില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയെന്നും അന്വേഷണ പുരോഗതി വ്യക്തിപരമായി നിരീക്ഷിക്കുമെന്നും സിദ്ധാര്‍ത്ഥന്‌റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്ത് അക്രമം പ്രോത്സാഹിപ്പിക്കുന്ന സമീപനം മാറണം. യുവാക്കളെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമകാരികളാക്കി മാറ്റുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അക്രമം വെടിയാന്‍ തയ്യാറാകണം. ടിപി കേസിലെ വിധിയില്‍പ്പോലും രാഷ്ട്രീയ പാര്‍ട്ടിയുടെ പങ്ക് തെളിഞ്ഞതാണ്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, ഇനിയും പ്രതികളുണ്ടെങ്കില്‍ പിടികൂടണമെന്നും ഗവര്‍ണര്‍ പറഞ്ഞു.


മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമ സംഭവങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എറണാകുളത്തെ ഒരു കെഎസ്‌യു നേതാവിനെ തട്ടിക്കൊണ്ടുപോയി ലോ കോളേജ് ഹോസ്റ്റലിന്റെ കട്ടിലിലെ കാലില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെന്നും കേരളത്തിലെ ക്യാമ്ബസുകളില്‍ മറ്റുള്ളവര്‍ക്ക് വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത രീതിയില്‍ അവരെ ക്രൂരമായി മര്‍ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ക്യാമ്ബസുകളിലേക്ക് മക്കളെ അയയ്ക്കാന്‍ രക്ഷകര്‍ത്താക്കള്‍ ഭയപ്പെടുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ”പുരോഗമനം എന്നവകാശപ്പെടുന്ന വിദ്യാര്‍ഥി സംഘടനയാണ് റാഗിങ്ങിന് നേതൃത്വം കൊടുക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലാണ്. ഒമ്ബത് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ല. 66 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. അപകടകരമായ നിലയില്‍ ഉന്നതവിദ്യാഭ്യാസ മേഖല നില്‍ക്കുമ്ബോള്‍ ക്രിമിനലുകളെ സര്‍ക്കാര്‍ പിന്തുണയോടെ, സിപിഎം പിന്തുണയോടെ അഴിഞ്ഞാടാന്‍ വിടുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഇതെല്ലാം ചെയ്യുന്നത്.

ഇത്രയും വലിയ അക്രമം നടന്നിട്ട് മുഖ്യമന്ത്രി എന്താണ് മൗനത്തിലിരിക്കുന്നത്. കേരളത്തിന് മുഴുവന്‍ അപമാനപരമായ സംഭവം, ആള്‍ക്കൂട്ട ആക്രമണം എന്ന് പറയുന്നത് പോലെയുള്ള കാര്യമല്ലേ ക്യാമ്ബസില്‍ നടന്നത്. അപകടരമായ രീതിയിലേക്ക് കേരളത്തിലെ ക്യാമ്ബസുകളെ മാറ്റുന്ന ഈ ക്രിമിനലുകളെ ഒതുക്കിയില്ലെങ്കില്‍ അതിശക്തമായ സമരം യുഡിഎഫും കോണ്‍ഗ്രസും, ഞങ്ങളുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ഥി യുവജന സംഘടനകളും ആരംഭിക്കുകയാണ്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലുണ്ടാകുകയില്ല”, വിഡി സതീശന്‍ പറയുന്നു.

സിദ്ധാര്‍ത്ഥന്റേത് കൊലപാതകമാണെന്നും എസ്‌എഫ്‌ഐയില്‍ ചേരാനുള്ള നിര്‍ബന്ധം ആദ്യം മുതലേയുണ്ടായെന്നും പിതാവ് പറഞ്ഞതായി കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിദ്ധാര്‍ത്ഥന്റെ കൊലപാതകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു