കോട്ടയം: സി.ആർ. മഹേഷ് എം.എല്‍.എക്കെതിരെ കേസ് എടുത്തത് കാട്ടുനീതിയെന്ന് അച്ചു ഉമ്മൻ. സി.ആര് മഹേഷിനെതിരെ നടന്ന കൊടും ക്രൂരത ജനങ്ങള്‍ കണ്ടതാണ്. പാറക്കല്ലെറിഞ്ഞ്, അദ്ദേഹത്തിന്റെ ആയുസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടതാണ്. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നു. ഇത് കാട്ട് നീതിയാണ്. ഇതിനെതിരെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി പ്രതികരിക്കണമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. നാടിന്റെ ജനാധിപത്യം വലിയ വിഷയമാണ്. നാട്ടിലെ ജനവിരുദ്ധ നയങ്ങളെല്ലാം വിഷയമായി വരും.
എല്‍.ഡി.എഫ് ബോംബ് കൊണ്ടുവന്നു, പൊളിഞ്ഞു. ക്ലിപ്പ് കൊണ്ടുവന്നു അതും പൊളിഞ്ഞു. ഇതിലൊക്കെയുള്ള അസഹിഷ്ണുതയാണ് അവര്‍ അക്രമത്തിലൂടെ കാണിക്കുന്നത്. ആലപ്പുഴയില്‍ എല്‍.ഇ.ഡി ലൈറ്റ് തകര്‍ക്കുന്നതും ഡ്രൈവറെ മര്‍ദ്ദിക്കുന്നതും മഹേഷിനെ എറിഞ്ഞു വീഴ്ത്തുന്നതും എല്ലാം ഇതിന്റെ ഭാഗമാണെന്ന് അച്ചു ഉമ്മൻ പറഞ്ഞു. കൊല്ലം കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടാണ് സംഘർഷം നടന്നത്.
സംഘർഷത്തിലും ലാത്തിച്ചാർജിലുമായി 16 എല്‍.ഡി.എഫ് പ്രവർത്തകർക്കും സി.ആർ.മഹേഷ് എം.എല്‍.എ ഉള്‍പ്പെടെ 20 യു.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സി.പി.എം സംസ്ഥാന സമിതി അംഗം സൂസൻ കോടിയെ ആക്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. സി.ആർ.മഹേഷ് എം.എല്‍.എ ഉള്‍പ്പെടെ 150 യു.ഡി.എഫ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് വധശ്രമത്തിന് കേസെടുത്തത്.