തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് വീണ്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന 300 എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രണ്ടാമത്തെ കേസ്. സംഘർഷത്തിനിടെ സർവകലാശാലയിലെ 40 കസേരകളും രണ്ട് മേശകളും നശിപ്പിച്ചെന്നും ഇതുവരെ 1,20,000 രൂപയുടെ നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടി രജിസ്റ്റാർ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുണ്ടായ സംഘർഷത്തില്‍ കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെയാണ് സർവകലാശാല രജിസ്ട്രാറുടെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. സർവകലാശാല ജീവനക്കാരും പൊലീസിന് മൊഴി നല്‍കി. ബാലറ്റ് പേപ്പർ കീറിയെറിഞ്ഞതിനും സാധനസാമഗ്രികള്‍ തല്ലിത്തകർത്തതിനും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസ്.
എന്നാല്‍, കെ.എസ്.യുക്കാരുമായി ഏറ്റുമുട്ടിയ എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തിരുന്നില്ല. സംഘർഷത്തിനിടെ സെനറ്റ് ഹാളിന്‍റെ വാതില്‍ തകർത്ത് അകത്തുകയറിയാണ് എസ്.എഫ്.ഐക്കാർ കെ.എസ്.യുക്കാരുമായി ഏറ്റുമുട്ടിയത്. ആദ്യ റൗണ്ട് വോട്ടെണ്ണിയപ്പോള്‍ രണ്ട് കെ.എസ്.യു സ്ഥാനാർഥികള്‍ ജയിച്ചിരുന്നു. രണ്ടാം റൗണ്ടില്‍ മതിയായ വോട്ടില്ലാതെ വന്നതോടെ എസ്.എഫ്.ഐ സ്ഥാനാർഥികള്‍ എലിമിനേറ്റ് ചെയ്യപ്പെടുന്ന ഘട്ടത്തിലാണ് തർക്കമുയർന്നതും സംഘർഷത്തിലേക്ക് വഴിവെച്ചതും.
സംഭവത്തില്‍ പരസ്പരം പഴിചാരി എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കള്‍ രംഗത്തുവന്നു. സംഘർഷത്തെ തുടർന്ന് രാത്രി വോട്ടെണ്ണല്‍ നിർത്തിവെക്കുകയും പിന്നീട് തെരഞ്ഞെടുപ്പ് വി.സി ഇടപെട്ട് റദ്ദാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നത് സംബന്ധിച്ച് നിയമവശം കൂടി പരിശോധിച്ച് തീരുമാനിക്കുമെന്ന് സർവകലാശാല രജിസ്ട്രാർ അറിയിച്ചു.