എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണം ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍

എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണം ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍
alternatetext

ന്യൂഡല്‍ഹി: എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണം ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാര്‍ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഷേധക്കാര്‍ കാറിനെ വളഞ്ഞപ്പോള്‍ പോലീസുകാര്‍ കാഴ്ചക്കാരായി നിന്നെന്നും പോലീസിനുമേല്‍ സര്‍ക്കാരിന്‍റെ സമ്മര്‍ദമുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. പ്രതിഷേധക്കാരെ വിലക്കരുതെന്ന് പോലീസിനു നിര്‍ദേശമുണ്ടായിരുന്നു. പോലീസ് കാഴ്ചക്കാരായി നിന്ന് അക്രമികളെ സഹായിച്ചു. അക്രമികള്‍ക്കെതിരായ ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും അറിയിച്ചിട്ടുണ്ടെന്നും ഐപിസി 124 ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. അക്രമികളെ കൊണ്ടുവന്നതും തിരികെകൊണ്ടുപോയതും പോലീസ് വാഹനത്തിലാണെന്നും കേരളത്തില്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ഗവര്‍ണര്‍ വാഹനത്തില്‍നിന്ന് ഇറങ്ങാൻ പാടില്ലായിരുന്നുവെന്നും പ്രോട്ടോകോള്‍ ലംഘിച്ചത് ഗവര്‍ണറാണെന്നുമുള്ള മന്ത്രിമാരുടെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. തനിക്കെതിരേ ആക്രമണവും കല്ലേറും ഉണ്ടായ പശ്ചാത്തലത്തിലാണു പുറത്തിറങ്ങിയതെന്ന് ഗവര്‍ണര്‍ പറഞ്ഞു. വാഹനത്തിനകത്ത് ഇരുന്നാല്‍ തനിക്ക് പരിക്കേല്‍ക്കുമായിരുന്നു. തുടര്‍ച്ചയായി തന്നെ അപായപ്പെടുത്താനുള്ള ശ്രമമാണു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കണ്ണൂരിലും സമാന ആക്രമണമുണ്ടായിരുന്നു. എന്നാല്‍ തനിക്കു ഭയമില്ലെന്നും പ്രതിഷേധങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഏഴു വര്‍ഷം വരെ കഠിനതടവു കിട്ടാവുന്ന വകുപ്പുകൂടി പോലീസ് ചുമത്തി. രാഷ്‌ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ യാത്ര തടസപ്പെടുത്തുകയോ അതിക്രമം നടത്തുകയോ ചെയ്താല്‍ ചുമത്തുന്ന ഐപിസി 124 എന്ന വകുപ്പാണു ചേര്‍ത്തത്. രാജ്ഭവൻ സെക്യൂരിറ്റി ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചേര്‍ത്തത്.