സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

rain
alternatetext

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

തുലാവർഷം അടുക്കാനിരിക്കെയാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെ (10-10-2024) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ (11-10-2024) തിരുവനന്തപുരം, കൊല്ലം, മലപ്പുറം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. 12-ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പ് നല്‍കിയ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ 12-ാം തീയതി വരെയും കർണാടക തീരത്ത് 11-ാം തീയതി വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. ഈ തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.