തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ റേഷൻകാര്‍ഡ് ഉടമകളില്‍ 11,590 പേര്‍ കഴിഞ്ഞ ആറു മാസമായി റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍. ഇതില്‍ ഒരംഗം മാത്രമുള്ള 7790 എഎവൈ കാര്‍ഡുകള്‍ ഉണ്ടെന്നും അവര്‍ ആരും തന്നെ കഴിഞ്ഞ നാലു മാസമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലായെന്നും മന്ത്രി അറിയിച്ചു.
ഇത്തരത്തില്‍ റേഷൻ കൈപ്പറ്റാതിരിക്കുന്ന മുൻഗണനാ കാര്‍ഡ് ഉടമകളുടെ വീടുകളില്‍ ബന്ധപ്പെട്ട താലൂക്ക് റേഷനിംഗ് ഇൻസ്‌പെക്ടര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ച് സത്യാവസ്ഥ മനസിലാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കാൻ മന്ത്രി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. റേഷൻ കൈപ്പറ്റാതെ അനര്‍ഹമായാണോ മുൻഗണനാ കാര്‍ഡുകാര്‍ കൈവശം വച്ചിരിക്കുന്നത് എന്ന് മനസിലാക്കാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു