കോതമംഗലം: ഓണത്തോട് അനുബന്ധിച്ചുള്ള തുടർച്ചയായ സർക്കാർ ഓഫീസുകളുടെ അവധി മുതലെടുത്ത് ചില അനധികൃത നിർമ്മാണങ്ങളും, പ്രവർത്തനങ്ങളും നടക്കുക സാധാരണമാണ്. ഇത്തരം മാഫിയാ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി കളക്ടറേറ്റിലും, താലൂക്ക് ആസ്ഥാനങ്ങളിലും പ്രത്യേകം കൺട്രോൾ റൂമുകൾ തുറന്നു പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചുവെങ്കിലും അവധിദിനമായ ഇന്നലെ രാത്രി കോതമംഗലത്ത് മണ്ണെടുപ്പും, ഭൂമി മണ്ണിട്ട് നികത്തലും തകൃതിയായി നടന്നു.
കോതമംഗലം ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള പുതിയ ഹൈവേയുടെ ഓരത്താണ് രാത്രി രണ്ടു മണിയോടെ പോലീസ് സാന്നിധ്യത്തിൽ മണ്ണിട്ട് നികത്തൽ നടന്നത്. അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയുമ്പോഴും, സർക്കാർ സംവിധാനങ്ങളിലൂടെ മറ്റൊരു വശത്ത് ഇത്തരം അനധികൃത മാഫിയകൾ നിർലോഭം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.