ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുവാനായി പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മകൻ അറസ്റ്റില്‍. അമിത് മുണ്ട(25) യെയാണ് അറസ്റ്റ് ചെയ്തത്. സെൻട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിലെ (സിസിഎല്‍) ജീവനക്കാരനായ പിതാവ് റാംജി മുണ്ടയെ വധിക്കാനാണ് അമിത് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി കൊലയാളികള്‍ക്ക് അമിത് ക്വട്ടേഷൻ നല്‍കുകയായിരുന്നു.
പിതാവ് മരിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ജോലി തനിക്ക് ലഭിക്കുമെന്ന ആഗ്രഹത്താലാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. നവംബര്‍ 16ന് രാംഗഢ് ജില്ലയിലെ മത്കാമ ചൗക്കില്‍ വച്ച് ബൈക്കിലെത്തിയ അജ്ഞാതര്‍ റാംജി മുണ്ടയ്ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണത്തിനിടെ മകന്റെ പങ്ക് കണ്ടെത്തുകയും തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
റാംജി മുണ്ടയെ വെടിവച്ച കൊലയാളികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു