ന്യൂഡല്‍ഹി: സര്‍ക്കാര്‍ അയയ്ക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കു സമയപരിധിയില്ലെന്നതിന്, തീരുമാനം അനന്തമായി നീട്ടുകയെന്നല്ല അര്‍ത്ഥമെന്നു സുപ്രീം കോടതി. പശ്ചിമബംഗാളില്‍ വി.സി. നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറുമായുള്ള തര്‍ക്കത്തിലാണു കേരളസര്‍ക്കാരിനും ആത്മവിശ്വാസമേകുന്ന സുപ്രീം കോടതി പരാമര്‍ശം. ബംഗാളിലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ദൗര്‍ഭാഗ്യകരമാണെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ബംഗാളിലെ സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിയെ വൈസ് ചാന്‍സലറാക്കാനുള്ള ബില്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് തടഞ്ഞുവച്ചതും സ്വമേധയാ താത്കാലിക വി.സിമാരെ നിയമിച്ചതുമാണു മമത സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന്, ഇതിനെതിരേ സുപ്രീം കോടതിയെ സമീപക്കുകയായിരുന്നു. സര്‍ക്കാര്‍ അയയ്ക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ സമയപരിധി പറയുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അക്കാരണത്താല്‍ തീരുമാനം അനന്തമായി നീട്ടരുത്. രാജ്ഭവനും സര്‍ക്കാരും സഹകരിച്ച് മുന്നോട്ടുപോകണം. മുഖ്യമന്ത്രിയും ഗവര്‍ണറും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തണം. സര്‍വകലാശാല വിഷയത്തിലെ പോര് വിദ്യാര്‍ഥികളുടെ ഭാവിയേയാണ് ബാധിക്കുന്നതെന്നും കോടതി ഓര്‍മിപ്പിച്ചു.
ബില്ലുകള്‍ ഒപ്പിടാത്തതു ചൂണ്ടിക്കാട്ടി കേരളസര്‍ക്കാരും ഗവര്‍ണര്‍ക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയുള്ള നിരീക്ഷണം നിര്‍ണായകമാണ്. സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ, വി.സി. നിയമത്തില്‍ വിശദീകരണവുമായി ബംഗാള്‍ ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസ് രംഗത്തെത്തിയിരുന്നു. അഴിമതിക്കാരുടെയും സ്ത്രീപീഡകരുടെയും പട്ടികയാണു സര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു ഗവര്‍ണറുടെ വാദം. ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത കിട്ടാതെ ബില്ലുകളില്‍ ഒപ്പിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗവര്‍ണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിനു കത്ത് നല്‍കിയിരുന്നു. ബംഗാളിലെ എട്ട് സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ ഇടക്കാല വി.സിമാരെ നിയമിച്ചതാണു സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ വഷളാക്കിയത്.