ഇന്ത്യയുടെ സമുദ്രയാൻ പദ്ധതിയുടെ കടലിലെ പരീക്ഷണം അടുത്തവര്‍ഷം ആദ്യം നടക്കും. സ്വന്തമായി വികസിപ്പിച്ച അന്തര്‍വാഹിനിയില്‍ മൂന്നുപേരെ കടലിന്റെ 6000 മീറ്റര്‍ താഴെയെത്തിക്കുകയാണ് സമുദ്രയാന്റെ ലക്ഷ്യം. സമുദ്രയാൻ പദ്ധതിക്കുവേണ്ടിയുള്ള ‘മത്സ്യ 6000’ അന്തര്‍വാഹിനിയുടെ നിര്‍മാണം ചെന്നൈയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (എൻ.ഐ.ഒ.ടി.)യില്‍ നടന്നുവരുകയാണ്.
ആളെക്കയറ്റാതെ ചെന്നൈയ്ക്കടുത്ത് കടലില്‍ 500 മീറ്റര്‍ താഴെവരെ ഇറക്കിയാവും ആദ്യപരീക്ഷണം. ഇത് 2024 ആദ്യപാദത്തില്‍ നടക്കും. മൂന്നുപേരെ കടലില്‍ 6000 മീറ്റര്‍ താഴെയെത്തിച്ച് പര്യവേക്ഷണം നടത്തുന്ന സമുദ്രയാൻ പദ്ധതി 2026-ല്‍ യാഥാര്‍ഥ്യമാവുമെന്നാണ് കരുതുന്നത്.മത്സ്യ അന്തര്‍വാഹിനിയില്‍ മനുഷ്യരെ കയറ്റുന്നതിനുള്ള 2.1 മീറ്റര്‍ വ്യാസമുള്ള ഗോളത്തിന്റെ നിര്‍മാണം എൻ.ഐ.ഒ.ടി.യില്‍ പൂര്‍ത്തിയായിട്ടുണ്ട്