സംസ്ഥാനത്ത് മഴ തുടരുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

 സംസ്ഥാനത്ത് മഴ തുടരുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ യെല്ലോ അലർ‌ട്ടും നല്‍‌കിയിട്ടുണ്ട്. ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും സർവകലാശാല പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

ആലപ്പുഴ ജില്ലയിലെ വിവിധ താലൂക്കുകളിലെ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. .

കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് പെയ്തത് ഈ സീസണിലെ റെക്കോർഡ് മഴയാണ്. ഇന്നലെ പെയ്തത് ശരാശരി 69.6 മില്ലിമീറ്റർ മഴയാണ്. കേരള തീരത്ത് പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെ ഫലമായി അടുത്ത മൂന്ന് ദിവസം വരെ മഴ ശക്തമാകും.