സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ റദ്ദാക്കണമെന്ന ഹരജി തള്ളി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ റദ്ദാക്കണമെന്ന ഹരജി തള്ളി
alternatetext

കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹരജി ഹൈകോടതി തള്ളി. അവാര്‍ഡ് നിര്‍ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്ത് നടത്തിയ ഇടപെടലുകള്‍ അന്വേഷിക്കാൻ സര്‍ക്കാറിനോടും ഡി.ജി.പിയോടും നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ട് ‘ആകാശത്തിന് താഴെ’ സിനിമ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നല്‍കിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ തള്ളിയത്.

കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഹരജിക്കാരൻ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. ഹരജിക്കാരന്‍റെ സിനിമയും സംവിധായകൻ വിനയന്‍റെ ‘പത്തൊമ്ബതാം നൂറ്റാണ്ട്’ എന്ന ചിത്രവും അവാര്‍ഡ് നിര്‍ണയത്തിന് സമര്‍പ്പിച്ചിരുന്നെങ്കിലും തഴയപ്പെട്ടതായി ഹരജിയില്‍ ആരോപിച്ചിരുന്നു. ജൂറിയുടെ തീരുമാനങ്ങളില്‍ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ വിനയൻ സര്‍ക്കാറിന് തെളിവുകള്‍ സഹിതം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അക്കാദമി ചെയര്‍മാൻ അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടുവെന്നതിന് തെളിവുണ്ടോയെന്ന് കോടതി ചോദിച്ചു. അവാര്‍ഡ് നിര്‍ണയത്തില്‍ തന്‍റെ സിനിമക്ക് നഷ്ടമുണ്ടായെന്ന് ഹരജിക്കാരൻ പറയുന്നില്ലെന്നും സിംഗിള്‍ ബെഞ്ച് വിലയിരുത്തി. ചലച്ചിത്ര അവാര്‍ഡിന് എൻട്രി സമര്‍പ്പിച്ച നിര്‍മാതാവ് അവാര്‍ഡ് നിര്‍ണയത്തിനെതിരെ പരാതി ഉന്നയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഹരജിക്കാരന്‍റെ ചിത്രം പ്രാഥമിക വിലയിരുത്തലില്‍ മറ്റൊരു സബ് കമ്മിറ്റിയാണ് ഒഴിവാക്കിയത്. രഞ്ജിത്ത് ഇടപെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്ന് ഹരജി പിൻവലിക്കാൻ ഹരജിക്കാരന് അനുമതി നല്‍കിയെങ്കിലും തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് തള്ളിയത്.