ന്യൂഡല്‍ഹി: വിളകള്‍ക്ക് താങ്ങുവില ഉറപ്പുവരുത്താൻ നിയമ നിർമാണമുള്‍പ്പെടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സമരം വീണ്ടും സജീവമാക്കാനൊരുങ്ങി സംയുക്ത കിസാൻ മോർച്ച (എസ്.കെ.ഐം). ആദ്യഘട്ടത്തില്‍ ലോക്സഭ, രാജ്യസഭ എം.പിമാരെ ജൂലൈ 16,17,18 തീയതികളില്‍ എസ്.കെ.എം സംസ്ഥാന നേതൃത്വം കാണും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരെ സന്ദർശിച്ച് നിവേദനം നല്‍കുമെന്നും വ്യാഴാഴ്ച ഡല്‍ഹിയില്‍ നടത്തിയ വാർത്തസമ്മേളനത്തില്‍ എസ്.കെ.എം നേതാക്കള്‍ പറഞ്ഞു. ആഗസ്റ്റ് ഒമ്ബത് ക്വിറ്റ് ഇന്ത്യ ദിനത്തില്‍ കർഷകർ ‘കോർപറേറ്റ് ക്വിറ്റ് ഇന്ത്യ ദിനം’ ആയി ആചരിക്കും. ഹരിയാന, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ജമ്മു-കശ്മീർ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ കാമ്ബയിൻ നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
വാഹന ജാഥകള്‍, പദയാത്രകള്‍, മഹാപഞ്ചായത്തുകള്‍ എന്നിവ സംഘടിപ്പിക്കും. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കേന്ദ്ര ട്രേഡ് യൂനിയനുകള്‍, വിദ്യാർഥികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, മറ്റു ബഹുജന വിഭാഗങ്ങള്‍ എന്നിവയുടെ ഏകോപന യോഗം വിളിക്കും. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക, കർഷക വായ്പ എഴുതിത്തള്ളുക, വൈദ്യുതി മേഖല സ്വകാര്യവത്കരണത്തില്‍നിന്ന് പിന്മാറുക, വിളകള്‍ക്കും മൃഗങ്ങള്‍ക്കും സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക, കർഷകത്തൊഴിലാളികള്‍ക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ നല്‍കുക തുടങ്ങി 14 ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.