കോഴിക്കോട്: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഒമ്ബത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. സാംസ്കാരിക ഉന്നമനം എളുപ്പത്തില്‍ സാധ്യമാകുന്ന മാധ്യമം എന്ന നിലയില്‍ കലാമൂല്യമുള്ള സിനിമകളും, ഡോക്യുമെന്ററികളും, ഹ്രസ്വ സിനിമകളും കുട്ടികള്‍ക്ക് കാണാനും, ആസ്വദിക്കാനും അവസരം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
ഭാഷാപഠനത്തിന് പിന്തുണ നല്‍കുന്നതോടൊപ്പം സിനിമയുടെ ശാസ്ത്രീയ സങ്കേതങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക, ഉദാത്തമായ മാനുഷിക മൂല്യങ്ങളും, ജീവിത വീക്ഷണവും ആവിഷ്കരിക്കുന്ന കലാമൂല്യമുള്ള സിനിമകള്‍ ആസ്വദിക്കാനുള്ള അവസരം ലഭ്യമാക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍ കുട്ടികളുടെ സിനിമ ക്ലബ്ബുകള്‍ രൂപീകരിക്കുകയും സ്കൂള്‍തല ചലച്ചിത്രോത്സവം നടത്തുകയും ചെയ്യും.
സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ഉള്‍പ്പെടുത്തിയാണ് ബി ആര് സി തല ചലച്ചിത്രോത്സവം സംഘടിപ്പിക്കുക. സിനിമാ പ്രദര്‍ശനത്തിന് ശേഷം മേഖലയിലെ പ്രമുഖരുമായി സംവദിക്കാനുള്ള ഓപ്പണ്‍ ഫോറങ്ങളും ഉണ്ടാകും. ബി.ആര്.സികളില്‍നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ചലച്ചിത്രോത്സവവും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുള്‍ഹക്കീം അറിയിച്ചു. ചലച്ചിത്രോത്സവം നടത്തിപ്പിനായി ആറ് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്