തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയില്‍ സി.പി.എം നേതൃത്വത്തിനുള്ള അതൃപ്തി സൂചിപ്പിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന സൂചനയാണ് എം.വി. ഗോവിന്ദൻ നല്‍കിയത്. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയും. സഭയ്ക്ക് അതൃപ്തിയുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. ശരിയായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളും. സജി ചെറിയാന്റെ പ്രസ്താവനയിലെ പ്രയോഗങ്ങള്‍ പര്‍വതീകരിക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പ്രധാനമന്ത്രി ബിഷപ്പുമാരുമായി ആശയവിനിമയം നടത്തുന്നതിന്റെ ഭൗതിക പശ്ചാത്തലം എന്തായിരുന്നു എന്നത് സൂചിപ്പിക്കേണ്ടത് ആവശ്യമായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ട ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായി എന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചു. പാര്‍ട്ടി നിലപാട് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓരോരുത്തര് പ്രസംഗിക്കുമ്ബോള്‍ പറയുന്ന പ്രയോഗങ്ങളുണ്ട്.
അത് പര്‍വതീകരിച്ച് ചര്‍ച്ചയിലേക്ക് പോകേണ്ട ആവശ്യമില്ല. നാക്കുപിഴ എന്ന് പറയാൻ സാധിക്കില്ല. വിശേഷണങ്ങളാണ്. മറുപടി പറയേണ്ടതുണ്ടെങ്കില്‍ ഇടതുമുന്നണി തന്നെ പറയും. ബിഷപ്പുമാരുള്‍പ്പെടെ ആര്‍ക്കെങ്കിലും വല്ല രീതിയിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ പദം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ആവശ്യമായ പരിശോധന നടത്താം -എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കള്‍ക്കും പ്രമുഖര്‍ക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയാണ് മന്ത്രി സജി ചെറിയാൻ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നു. പോയ ബിഷപ്പുമാര്‍ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവര്‍ക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.