കൊല്ലം: രാജസ്ഥാനില്‍ സൈനികനായി ജോലിനോക്കുന്ന യുവാവിനെ ഒരു സംഘമാളുകള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച ശേഷം മുതുകില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചുരുക്കപ്പേരായ പി.എഫ്.ഐ. എന്നെഴുതിയതായി പരാതി. കടയ്ക്കല്‍ ചാണപ്പാറ സ്വദേശിയായ ഷൈനിനാ (35)ണ് മര്‍ദനമേറ്റത്.
24 ന് അര്‍ധരാത്രി മുക്കടയില്‍ നിന്ന് ചാണപ്പാറയിലേക്കുള്ള വഴിയിലെ റബര്‍ത്തോട്ടത്തിന് സമീപമായിരുന്നു സംഭവം. സമീപപ്രദേശത്തെ ഓണാഘോഷത്തിന് ശേഷം വീട്ടിലേക്കു പോവുകയായിരുന്ന ഇദ്ദേഹത്തെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചെന്നാണു പരാതി.
റോഡരികില്‍ വീണുകിടന്ന ഒരാളെ ബൈക്കില്‍ വീട്ടില്‍ എത്തിക്കാമോയെന്ന് ചോദിച്ച ശേഷമായിരുന്നു മര്‍ദനം. ചവിട്ടി വീഴ്ത്തിയ ശേഷം ഷര്‍ട്ട് വലിച്ച് കീറി മുതുകില്‍ പച്ച പെയിന്റ് കൊണ്ട് എന്തോ എഴുതി. എന്താണ് എഴുതിയതെന്ന് അപ്പോള്‍ മനസിലായില്ലെന്ന് ഷൈന്‍ പറഞ്ഞു. തുടര്‍ന്നു സംഘം മടങ്ങിയതോടെ വീടിന് സമീപത്തെ യുവാവിനെ വിളിച്ചു വരുത്തിയാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ പി.എഫ്.ഐ. എന്ന് എഴുതിയിരിക്കുന്നതായി കണ്ടതെന്ന് ഷൈന്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരുക്കേറ്റ ഷൈന്‍ ആദ്യം കടയ്ക്കല്‍ ഗവ. ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ചികിത്സ തേടി. ഇന്നലെ വൈകിട്ട് ജോലിസ്ഥലത്തേക്കു മടങ്ങിപ്പോകാനിരിക്കയായിരുന്നു. ഷൈനിന്റെ പരാതിയില്‍ കേസെടുത്ത കടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.