പൂവാര്‍: തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാറില്‍ സഹോദരിമാരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. 10, 12 വയസ്സുള്ള സഹോദരിമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പൂവാര്‍ സ്വദേശി ഷാജി (56) ആണ് അറസ്റ്റിലായത്. ഇയാള്‍ മുൻ സൈനികനാണ്. സ്കൂളില്‍വച്ച് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തുവന്നത്.
സ്കൂള്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുൻ സൈനികൻ പിടിയിലായത്. ഇയാളുടെ ഫോണില്‍ മറ്റു പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഉള്ളതായാണ് സൂചന. പ്രതിയുടെ വീട്ടില്‍ കുട്ടികളുടെ കുടുംബം നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാള്‍ കുട്ടികളുടെ അടുത്ത് നിരന്തരം എത്തിയിരുന്നത്.
വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു പലപ്പോഴുമുണ്ടായ പീഡനം. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഷാജി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇളയ പെണ്‍കുട്ടി മാനസികമായും ശാരീരികമായും വളരെയധികം ഉപദ്രവിക്കപ്പെട്ടതായാണ് കൗണ്‍സിലര്‍ക്ക് ലഭിച്ച വിവരം. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തെ ഷാജി പണം നല്‍കി സഹായിച്ചിരുന്നതായാണ് വിവരം. ഇത്തരത്തില്‍ അടുപ്പം സ്ഥാപിച്ച ശേഷം കുട്ടികളുടെ മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു പീഡനം.
കുട്ടികളുടെ കുടുംബം മറ്റൊരു വാടക വീട്ടിലേക്ക് മാറിയപ്പോഴും പ്രതി എത്തി പീഡിപ്പിച്ചു. കുട്ടികളുടെ പിതാവ് കൂലിപ്പണിക്കാരനാണ്. അച്ഛൻ തങ്ങളെ സ്ഥിരമായി മര്‍ദ്ദിക്കുമെന്നും കുട്ടികളുടെ മൊഴിയുണ്ട്. മാനസിക സംഘര്‍ഷം നേരിടുന്ന കുട്ടികള്‍ കൗണ്‍സിലിങ്ങില്‍ പറഞ്ഞ പല കാര്യങ്ങളും പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. പ്രതി ഓട്ടോറിക്ഷയിലാണ് കുട്ടികളുടെ വീട്ടില്‍ പോയിരുന്നത്. ഇയാള്‍ മടങ്ങിക്കഴിഞ്ഞ ശേഷം ഓട്ടോക്കാരനും കുട്ടികളെ ഉപദ്രവിച്ചെന്നാണ് കൗണ്‍സിലിങ്ങില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ചില വസ്തുക്കള്‍ തങ്ങളുടെ ശരീരത്തില്‍ കുത്തിവച്ചെന്നും കുട്ടികള്‍ വെളിപ്പെടുത്തി. പ്രതിയുടെ തന്നെ പലരുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കുട്ടികളെ മൊബൈലില്‍ കാണിച്ചിരുന്നു. പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും