ബംഗ്ലാദേശ് സംഘര്‍ഷം; ആശങ്ക രേഖപ്പെടുത്തി അമേരിക്ക

ബംഗ്ലാദേശ് സംഘര്‍ഷം; ആശങ്ക രേഖപ്പെടുത്തി അമേരിക്ക
alternatetext

ബംഗ്ലാദേശില്‍ തുടരുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി അമേരിക്ക. “ബംഗ്ലാദേശില്‍ തുടർച്ചയായി നടക്കുന്ന അക്രമ റിപ്പോർട്ടുകളില്‍ ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്. മത, രാഷ്ട്രീയ സംഘടനകള്‍ക്ക് നേരെയുള്ള അക്രമം ഉള്‍പ്പെടെ പോലീസിനും നിയമപാലകർക്കുമെതിരായ അക്രമ റിപ്പോർട്ടുകളിലും ഞങ്ങള്‍ക്ക് ഒരുപോലെ ആശങ്കയുണ്ട്’-സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞു. സംഘർഷം കുറയ്ക്കാനും ശാന്തതയിലേക്ക് മടങ്ങാനുമുള്ള ആഹ്വാനം ഞങ്ങള്‍ ആവർത്തിക്കുന്നു.

ഇത് പ്രതികാരത്തിനുള്ള സമയമല്ല. ബംഗ്ലാദേശ് ജനതയുടെ സുഹൃത്തും പങ്കാളിയും എന്ന നിലയില്‍, ബംഗ്ലാദേശിന്‍റെ ജനാധിപത്യ അഭിലാഷങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നത് തുടരുകയും എല്ലാവരുടെയും മനുഷ്യാവകാശങ്ങളോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.- വക്താവ് പറഞ്ഞു. അതേസമ‍യം, രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് യുകെ അറിയിച്ചു.

ഷെയ്ഖ് ഹസീനയെ അഭയാര്‍ഥിയായി പരിഗണിക്കാന്‍ നിലവിലെ നിയമം അനുദവിക്കുന്നില്ലെന്നും യുകെ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് യുകെ ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കിയത്. സുരക്ഷിതമായി ആദ്യം എത്തുന്ന രാജ്യത്താണ് അഭയം തേടേണ്ടത്.

നിലവിലെ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച്‌ താത്കാലിക അഭയം യുകെയില്‍ ഒരുക്കാനാവില്ല. അഭയം നല്‍കാമെന്ന് പറഞ്ഞ് ആരേയും ക്ഷണിക്കാനാവില്ലെന്നും യുകെ ആഭ്യന്തര വകുപ്പ് വക്താവ് വ്യക്തമാക്കി. അതേസമയം കലാപം ശക്തമായതിന് പിന്നാലെ പെട്ടെന്നാണ് ഇന്ത്യയിലേക്ക് എത്തണമെന്ന് ഷെയ്ഖ് ഹസീന അറിയിച്ചതെന്ന് വിദേശ കാര്യമന്ത്രി ലോക്സഭയെയും രാജ്യസഭയേയും അറിയിച്ചു.