തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് എഡിജിപി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ട്. നിയമവിരുദ്ധമായ ആവശ്യങ്ങളുന്നയിച്ച് തിരുവമ്ബാടി ദേവസ്വത്തിലെ ചിലർ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. തല്‍പരകക്ഷികളുമായി ചേർന്ന് ഗൂഢാലോചന നടത്തി പൂരം അട്ടിമറിച്ചുവെന്നാണ് അജിത് കുമാറിന്റെ കണ്ടെത്തല്‍. സംസ്ഥാന പൊലീസ് മേധാവിക്കു സെപ്റ്റംബറില്‍ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തിരുവമ്ബാടി ദേവസ്വം ഭാരവാഹികളുടെ പേരെടുത്തു പറഞ്ഞാണ് റിപ്പോർട്ടില്‍ കുറ്റപ്പെടുത്തിയിട്ടുള്ളത്. തിരുവമ്ബാടി ദേവസ്വം ആദ്യം മുതല്‍തന്നെ നിയമവിരുദ്ധവും നടപ്പാക്കാൻ സാധിക്കാത്തതുമായ ആവശ്യങ്ങള്‍ ഉന്നയിച്ചു. പൂരം നിർത്തിവയ്പിച്ച് സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരെ വികാരം സൃഷ്ടിക്കാൻ ശ്രമിച്ചു. പൊലീസ് നിയമപരമായാണു പ്രവർത്തിച്ചത്. അട്ടിമറി സൂചനകളൊന്നും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരുന്നില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
എന്നാല്‍, പൂരം കലക്കാൻ ശ്രമിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന് റിപ്പോർട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല. ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് അഞ്ചു മാസത്തിനു ശേഷമാണ് എഡിജിപി അജിത് കുമാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
ഈ റിപ്പോർട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. തുടർന്ന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തില്‍ സർക്കാർ ത്രിതല അന്വേഷണം പ്രഖാപിച്ചു. പൂരം കലക്കലില്‍ എഡിജിപി എം.ആർ.അജിത് കുമാറിന് പങ്കുണ്ടോ എന്നതു സംബന്ധിച്ചു ഡിജിപി നേരിട്ട് അന്വേഷിക്കാനും നിർദേശമുണ്ടായി. ഈ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല.