ന്യൂഡല്‍ഹി: ഐഎഎസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി വിദ്യാർഥികള്‍ മരിച്ച സംഭവത്തില്‍ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും സംവിധാനത്തിന്റെ കൂട്ടായ പരാജയവുമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുരക്ഷിതമല്ലാത്ത നിർമാണത്തിലും മോശം നഗരാസൂത്രണത്തിലും സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയിലും സാധാരണ പൗരന്റെ ജീവൻ വില കൊടുക്കുകയാണ്. സുരക്ഷിതവും സുഖപ്രദവുമായ ജീവിതം ഓരോ പൗരന്റെയും അവകാശവും സർക്കാരുകളുടെ ഉത്തരവാദിത്തവുമാണെന്നും വിദ്യാർഥികള്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.