രഞ്ജിത് ശ്രീനിവാസൻ കൊലക്കേസ് : പ്രതികളെ നാളെ കോടതി നേരിട്ട് ചോദ്യം ചെയ്യും!!

രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെ നാളെ കോടതി നേരിട്ട് ചോദ്യം ചെയ്യും
alternatetext

ബിജേഷ് കോതമംഗലം

ആലപ്പുഴ: രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെ നാളെ കോടതി നേരിട്ട് ചോദ്യം ചെയ്യും. കൃത്യമായി പറഞ്ഞാൽ 2021 ഡിസംബർ 19 ആം തീയതിയാണ് കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനും, ബിജെപിയുടെ ഒബിസി സംസ്ഥാനമോർച്ച സെക്രട്ടറിയുമായ അഡ്വക്കേറ്റ് രൺജിത് ശ്രീനിവാസൻ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടത്. നാളുകളായി എസ്ഡിപിഐ നിരീക്ഷണവലയത്തിൽ ഉണ്ടായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ സ്വന്തം വീടിനുള്ളിൽ വച്ച്, അമ്മയുടെയും ഭാര്യയുടെയും മുന്നിൽ വച്ച് മതഭ്രാന്തിളകിയ നിരവധി കശാപ്പുകാരുടെ ആയുധങ്ങൾക്ക് മുമ്പിൽ ജീവൻ ഒടുങ്ങിയത്.

ഉന്മൂലനം ലക്ഷ്യമിട്ട് എസ്ഡിപിഐ പ്രവർത്തകർ എണ്ണമിട്ട് തയ്യാറാക്കിയ ആർഎസ്എസ് പ്രവർത്തകരുടെ ലിസ്റ്റുകളിൽ ഒരംഗം മാത്രമായിരുന്നു സമാജസേവക്കിറങ്ങിയ അഡ്വ.രൺജിത് ശ്രീനിവാസൻ. നിരവധി വെട്ടേറ്റ് ചോര വാർന്ന് ജീവനുവേണ്ടി പിടയുന്ന രഞ്ജിത്ത് ശ്രീനിവാസന്റെ മുന്നിൽ അമ്മയെയും, ഭാര്യയെയും ആക്രമിച്ച് വാഹനങ്ങളും തല്ലി തകർത്തു നടന്നുനീങ്ങിയ കാപാലികരുടെ കണ്ണുകളിൽ ദയയുടെ കണികപോലും അവശേഷിച്ചിരുന്നില്ല.

എസ്ഡിപിഐ ക്രൂരതയ്ക്ക് രൺജിത്ത് ഇരയായി നാളുകൾക്കുള്ളിൽ തന്നെ സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എൻ.ആർ.ജയരാജും സംഘവും കസ്റ്റഡിയിൽ എടുക്കുകയും, ഏകദേശം തൊണ്ണൂറു ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എസ്ഡിപിഐ പ്രവർത്തകർ രൺജിത്ത് ശ്രീനിവാസനെ മൂന്ന് പ്രാവശ്യം വധിക്കുന്നതിന് വേണ്ടി ശ്രമിച്ചിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. സംഭവം നടന്ന ദിവസം പ്രതികൾ ആറോളം വാഹനങ്ങളിലായി കമ്പിവടിയും, വടിവാളും, മഴുവുമായിമായി രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നുള്ള വിചാരണ കാലയളവിലും പ്രതികളുടെ ഭാഗത്തുനിന്നും നിഷേധാത്മകമായ പ്രതികരണമാണ് ഉണ്ടായത്. എന്നിരുന്നാലും ലഭ്യമായ തെളിവുകളുടെയും, സാക്ഷികളുടെ പൂർണമായ സഹകരണത്താലും രൺജിത്ത് വധക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായ പ്രതാപ്.ജി.പടിക്കൽ കോടതിയിൽ നടത്തിയ ശക്തമായ വിസ്താരം പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്ന് തന്നെയാണ് വിശ്വാസം.

മാരകായുധങ്ങളുമായി എത്തിയ എസ്ഡിപിഐ പ്രവർത്തകരുടെ ആക്രമണത്തിൽ നിന്നും രൺജിത്ത് ശ്രീനിവാസനെ രക്ഷിക്കുവാൻ വേണ്ടി ഓടിയെത്തിയ ഭാര്യ ലിഷയും, അമ്മ വിനോദിനിയും തന്നെയാണ് ഈ കേസിലെ പ്രധാന സാക്ഷികൾ. കൂടാതെ മകളും സഹോദരനും ഉൾപ്പെടെ 178 ഓളം സാക്ഷികളും, 380ഓളം തെളിവുകളുമാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി മുമ്പാകെ വിസ്തരിക്കപ്പെട്ടത്.

പ്രതികളുടെ തിരിച്ചറിയൽ പരേഡ് സമയത്ത് സാക്ഷികളായ ചേർത്തല, രാമങ്കരി കോടതികളിലെ മജിസ്ട്രേറ്റുമാരായിരുന്നതും, നിലവിൽ കൊയിലാണ്ടി അസി.സെഷൻസ് ജഡ്ജി വൈശാഖ്.വി.എസ്, വടകര അസി.സെഷൻസ് ജഡ്ജി ജോജി തോമസ്, പ്രതികളുടെ മൊബൈലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയ നോഡൽ ഓഫീസർമാർ, മരണം റിപ്പോർട്ട് ചെയ്ത ആലപ്പുഴ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി ഡ്യൂട്ടി ഡോക്ടർ, ഇൻക്വസ്റ്റ് നടപടികൾ തയ്യാറാക്കിയ എടത്വാ പോലീസ് സർക്കിൾ ഇൻസ്പെക്ടർ, സംഭവ സമയത്ത് ആലപ്പുഴ സൗത്ത് ആയിരുന്ന എസ്.അരുൺ, പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി എൻ.ആർ.ജയരാജ് തുടങ്ങിയവരെല്ലാം മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി മുമ്പാകെ മൊഴി നൽകി.

കുറ്റപത്രം കോടതിയിൽ എത്തിയ ദിവസം മുതൽ കേസ് നീട്ടിക്കൊണ്ടു പോകുന്നതിനും, വഴിതിരിച്ചുവിടുന്നതിനും വേണ്ടിയുള്ള നിരവധി ശ്രമങ്ങളാണ് പ്രതികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. സ്ഥിരമായി പ്രതികളുടെ അഭിഭാഷകൻ ഹാജരാകാതെ വന്നതിനെ തുടർന്ന് നിയമസഹായത്തിനായി കോടതി മുൻകൈയെടുത്ത് പ്രതികൾക്ക് വേണ്ടി നിയോഗിച്ച അഡ്വ.പ്രേംകുമാറിനോട് സഹകരിക്കാനും പ്രതികൾ തയ്യാറായില്ല. പ്രതികളിൽ ഒരാളുടെ പിതാവ് കോടതി മാറ്റണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടെ വിചാരണയ്ക്ക് തടസ്സം നേരിട്ടില്ല. അതിനിടയിൽ 9 മുതൽ 15 വരെയുള്ള പ്രതികൾ ആയുധങ്ങൾ കൈകളിൽ എടുത്തിട്ടില്ല എന്നതിനാൽ കൊലപാതകക്കുറ്റം ചുമത്താനാവില്ല എന്ന വാദവും കോടതിയിൽ വിലപ്പോയില്ല. എറണാകുളം, ആലുവ ജയിലുകളിൽ കഴിയുന്ന പ്രതികൾ ജാമ്യത്തിനായി അപേക്ഷ നൽകിയെങ്കിലും കേസിന്റെ പ്രാധാന്യവും, പ്രതികളുടെ നീചത്വവും കണക്കിലെടുത്ത് നിരസിച്ചു.

സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ്.ജി.പടിക്കലും, സഹായികളായ അഡ്വക്കേറ്റുമാർ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർക്കൊപ്പം രഞ്ജിത്ത് ശ്രീനിവാസനെ നെഞ്ചോട് ചേർത്തവരും സത്യവും നീതിയും ജയിക്കണമെന്ന ആഗ്രഹത്തോടെ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവിയുടെ വിധിവാചകങ്ങൾക്കായി കാതോർത്തിരിക്കുകയാണ്.

രണ്ടുവർഷം മുമ്പ് ജീവിതത്തിനേറ്റ മുറിവുകളുമായി രഞ്ജിത്തിന്റെ കുടുംബം കാത്തിരിക്കുകയാണ് നീതിദേവതയുടെ തുലാസിനു മുന്നിൽ സത്യത്തിന്റെ വിജയത്തിനായി.