കേരളതീരത്ത് ഇരട്ട ചക്രവാതച്ചുഴി

കേരളതീരത്ത് ഇരട്ട ചക്രവാതച്ചുഴി
alternatetext

തിരുവനന്തപുരം: കാലവർഷത്തിന് കരുത്തുകൂട്ടി തെക്കുകിഴക്കൻ അറബിക്കടലില്‍ കേരള, ആന്ധ്ര തീരങ്ങളില്‍ രൂപംകൊണ്ട ഇരട്ട ചക്രവാതച്ചുഴിയെ തുടർന്ന് മധ്യ-വടക്കൻ കേരളത്തില്‍ അതിതീവ്രമഴ. തിരുവനന്തപുരം ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് (32) കാണാതായത്.

ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയാണ് (യെല്ലോ അലർട്ട്) കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരുന്നത്. എന്നാല്‍, പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി അതിരാവിലെ ആരംഭിച്ച മഴ പെരുമഴയായി മാറി. കനത്ത മഴയില്‍ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പലപ്രദേശങ്ങളും മുങ്ങി. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലർട്ടും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടും കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചത്.

ഇതോടെ കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകളില്‍ അതൃപ്തി അറിയിച്ച്‌ റവന്യൂ മന്ത്രി കെ. രാജൻ രംഗത്തെത്തി. വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ ശനിയാഴ്ച രാവിലെ 8.30 വരെ ഇടുക്കിയില്‍ ഉടുമ്ബന്നൂരിലെ സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലെ മഴമാപിനിയില്‍ രേഖപ്പെടുത്തിയത് 230 മില്ലി മീറ്റർ മഴയാണ്. ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് ആറുവരെ തൃശൂർ കുന്നംകുളത്ത് 131 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കേരളതീരത്ത് പടിഞ്ഞാറൻ കാറ്റുള്ളതിനാല്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.