സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നെല്ലുവില വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നെല്ലു സംഭരണവും തുക വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സ്ഥായിയായ പരിഹാരമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റമറ്റ രീതിയിൽ നെല്ല് സംഭരിച്ച് കർഷകർക്ക് കൃത്യമായി പണം നൽകണം. പാലക്കാട് ജില്ലയിലെ കർഷകർക്കാണ് ഏറ്റവും കൂടതൽ തുക നൽകാനുള്ളത്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കൊടുത്തു തീർക്കാൻ ബാങ്കുകളുടെ കൺസോർഷ്യം 400 കോടി രൂപയുടെ വായ്പ കൂടി അനുവദിച്ചിട്ടുണ്ട്. സർക്കാർ നൽകാനുള്ള തുകയുടെ ഒരു ഭാഗവും അനുവദിക്കാൻ ധാരണയായി. അത് രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാനുള്ള നടപടികൾ എടുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.
യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജിആർ അനിൽ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു