തിരുവനന്തപുരം: വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാത്ത 107 ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ 2 ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിച്ച രഹസ്യ ഡ്രൈവിലാണ് ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടാൻ നിർദേശം നല്‍കിയത്.
ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്. പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതിനോട് അനുബന്ധിച്ച് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധനകള്‍ നടത്തിയത്.
ഈ ഡ്രൈവ് രഹസ്യമാക്കി വച്ച് മുന്നറിയിപ്പ് കൂടാതെയാണ് പരിശോധനകള്‍ നടത്തിയത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ ഭക്ഷ്യസ്ഥാപനങ്ങളുടേയും ജീവനക്കാരുടേയും ശുചിത്വം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ്, വ്യക്തി ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തുടങ്ങിയവ പരിശോധിച്ചു.