78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തിയ ശേഷം രാവിലെ 7.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാം വട്ടവും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പതിനൊന്നാമത്തെ പ്രസംഗമാണിത്. വികസിത ഭാരതം@2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്യദിനത്തിന്റെ പ്രമേയം.
ആദിവാസികള്‍, യുവാക്കള്‍, കർഷകർ, സ്ത്രീകള്‍, വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കള്‍, വിദ്യാർത്ഥികള്‍ എന്ന് തുടങ്ങീ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 6000ത്തോളം പ്രത്യേക ക്ഷണിതാക്കളാണ് ഇക്കുറി ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്. പാരിസ് ഒളിമ്ബിക്‌സില്‍ പങ്കെടുത്ത ഇന്ത്യൻ അത്‌ലറ്റിക് സംഘവും ചടങ്ങില്‍ പങ്കെടുക്കും. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം ഉച്ചയോടെ ഇവർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
പ്രധാനമന്ത്രി മോദിയെ മുതിർന്ന സർക്കാർ, സൈനിക ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. സംയുക്ത സേനാ വിഭാഗവും ഡല്‍ഹി പൊലീസ് ഗാർഡും പ്രധാനമന്ത്രിക്ക് സല്യൂട്ട് നല്‍കും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. നാവികസേനയാണ് ഇക്കുറി ഇതിന്റെ ഏകോപനം നടത്തുന്നത്. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന നിമിഷം തന്നെ വ്യോമസേനാ ഹെലികോപ്റ്ററുകളില്‍ പുഷ്പവൃഷ്ടി നടത്തും. ഇതിന് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്