രാജീവ്‌ ചന്ദ്രശേഖറിന്റെയും ഇ.പി. ജയരാജന്റെയും സ്‌ഥാപനങ്ങള്‍ തമ്മില്‍ ബിസിനസ്‌ ബന്ധമുണ്ടായത്‌ ഇ.ഡിയുടേയും ആദായനികുതി വകുപ്പിന്റെയും റെയിഡിന് ശേഷം : വി.ഡി. സതീശന്‍

രാജീവ്‌ ചന്ദ്രശേഖറിന്റെയും ഇ.പി. ജയരാജന്റെയും സ്‌ഥാപനങ്ങള്‍ തമ്മില്‍ ബിസിനസ്‌ ബന്ധമുണ്ടായത്‌ ഇ.ഡിയുടേയും ആദായനികുതി വകുപ്പിന്റെയും റെയിഡിന് ശേഷം : വി.ഡി. സതീശന്‍
alternatetext

കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിന്റെയും ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെയും സ്‌ഥാപനങ്ങള്‍ തമ്മില്‍ ബിസിനസ്‌ ബന്ധമുണ്ടായത്‌ ജയരാജന്റെ സ്‌ഥാപനത്തില്‍ ഇ.ഡിയുടേയും ആദായനികുതി വകുപ്പിന്റെയും പരിശോധന കഴിഞ്ഞപ്പോഴാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍. ബിസിനസ്‌ ബന്ധം ആരംഭിച്ചശേഷം പിന്നീട്‌ കേന്ദ്ര ഏജന്‍സികളുടെ പരിശോധനയുണ്ടായില്ല.

ഇ.പി. ജയരാജന്‍ ബുദ്ധിപൂര്‍വമാണ്‌ രാജീവ്‌ ചന്ദ്രശേഖറിന്റെ സ്‌ഥാപനവുമായി കരാര്‍ ഉണ്ടാക്കിയത്‌. രാജീവ്‌ ചന്ദ്രശേഖറിന്റെ സ്‌ഥാപനത്തില്‍ റെയ്‌ഡ്‌ നടത്താന്‍ ഇ.ഡിക്കു മുട്ടു വിറയ്‌ക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള റിസോര്‍ട്ടാണ്‌ നിരാമയ. രാജീവ്‌ ചന്ദ്രശേഖര്‍ സര്‍ക്കാരിലേക്ക്‌ കൊടുത്ത രേഖകള്‍ ഇതിനു തെളിവാണ്‌.

11 വര്‍ഷം മുന്‍പ്‌ റിസോര്‍ട്ട്‌ ഉദ്‌ഘാടനം ചെയ്‌തപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുത്തിരുന്നു. വൈദേഹം റിസോര്‍ട്ടുമായി ഇടതുമുന്നണി കണ്‍വീനര്‍ ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്‌. ജയരാജന്‍ പറഞ്ഞത്‌ റിസോര്‍ട്ടിന്റെ ഉപദേശകനാണെന്നാണ്‌. ജയരാജന്റെ കുടുംബാംഗങ്ങള്‍ക്ക്‌ റിസോര്‍ട്ടില്‍ ഓഹരിയുണ്ട്‌. നിരാമയയും വൈദേഹം റിസോര്‍ട്ടുമായി കരാറുണ്ട്‌. വൈദേഹം റിസോര്‍ട്ടിന്റെ നടത്തിപ്പ്‌ ചുമതല നിരാമയയ്‌ക്കാണ്‌. നിരാമയ വൈദേഹം റിസോര്‍ട്ടെന്നാണ്‌ ഇപ്പോള്‍ പേര്‌. രണ്ടു റിസോര്‍ട്ടുകളുടെയും ജീവനക്കാര്‍ക്കൊപ്പം ജയരാജന്റെ കുടുംബം നില്‍ക്കുന്ന ചിത്രമുണ്ട്‌. രാജീവ്‌ ചന്ദ്രശേഖറും ഇ.പി. ജയരാജനും ഇക്കാര്യം നിഷേധിച്ചിട്ടില്ല.

പരസ്‌പരം കണ്ടിട്ടില്ലെന്നാണ്‌ ഇരുവരും പറയുന്നത്‌. അവര്‍ രണ്ടുപേരും കൂടിക്കാഴ്‌ച നടത്തിയെന്ന്‌ ഞാന്‍ പറഞ്ഞിട്ടില്ല. രണ്ടുപേരുടെയും സ്‌ഥാപനങ്ങള്‍ തമ്മില്‍ കരാറുണ്ടെന്നാണ്‌ പറഞ്ഞത്‌. കരാറിന്റെ ഭാഗമായാണ്‌ ഇരു സ്‌ഥാപനങ്ങളും ബി.ജെ.പി.- സി.പി.എം എന്നതുപോലെ ഒന്നായത്‌. രണ്ടുപേര്‍ക്കും തന്റെ പ്രസ്‌താവനയോട്‌ പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാം. രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു