നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ മുൻ എംഎല്‍എയടക്കം 16 പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു. വിരമിച്ച സംസ്ഥാന പൊലീസ് മേധാവിയുമുള്‍പ്പെടെയുള്ളവരാണ് ബിജെപിയില്‍ എത്തിയത്. 16 പേര്‍ ശനിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു. കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് എത്തുമെന്നും രാജസ്ഥാന്റെ ബിജെപി ചുമതലയുള്ള അരുണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ എംഎല്‍എമാരായ മോത്തിലാല്‍ ഖരേര, അനിതാ കത്താര, ഗോപിചന്ദ് ഗുര്‍ജാര്‍, വിരമിച്ച ജഡ്ജി കിഷൻ ലാല്‍ ഗുര്‍ജാര്‍, മധ്യപ്രദേശ് മുൻ ഡിജിപി പവൻ കുമാര്‍ ജെയിൻ, കോണ്‍ഗ്രസ് നേതാവ് മൃദുരേഖ ചൗധരി തുടങ്ങി പതിനാറ് നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരുമാണ് ബിജെപിയില്‍ ചേര്‍ന്നത്.
പാര്‍ട്ടിയുടെ നയങ്ങളിലും പരിപാടികളിലും വിശ്വാസം പ്രകടിപ്പിച്ചാണ് ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നത്. ഭാവിയിലും ഇത് തുടരുമെന്നും സിംഗ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, തൊഴിലില്ലായ്മ, റിക്രൂട്ട്‌മെന്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, കര്‍ഷകരുടെ ഭൂമി ലേലം ചെയ്യല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.
സ്‌ത്രീകള്‍ക്ക് സ്‌മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്യുന്നതിനു പകരം അവരുടെ സുരക്ഷയെ കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് പറഞ്ഞു.