ന്യൂഡൽഹി: 2019ലെ ‘മോദി’ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിൽ സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു കിട്ടും. കേസിന്റെ വസ്തുതകളിലേക്കു കടന്നില്ലെങ്കിലും കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
പരാമവധി ശിക്ഷ നൽകുന്നതിനു വലിയ പ്രത്യാഘാതങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാഹുലിന്റെ പൊതുജീവിതത്തെയും അദ്ദേഹം ലോക്സഭാംഗമായ വയനാട് മണ്ഡലത്തെയും ഇതു ബാധിക്കുമെന്നും കോടതി പറഞ്ഞു. 1 വർഷവും 11 മാസവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നതെങ്കിൽ ലോക്സഭാംഗത്വത്തെ ബാധിക്കില്ലായിരുന്നുവെന്നു വാദത്തിനിടെ തന്നെ ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചിരുന്നു.
സ്റ്റേ അനുവദിക്കണമെങ്കിൽ അതിശക്തമായ കാരണം ഉണ്ടാകണമെന്ന് അപകീർത്തിക്കേസിൽ പരാതി നൽകിയ പൂർണേഷ് മോദിക്കു വേണ്ടി മഹേഷ് ജഠ്മലാനി ചൂണ്ടിക്കാട്ടിയപ്പോൾ വയനാട് മണ്ഡലം ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ഗവായി പറഞ്ഞത്. ഒരു മണ്ഡലം ജനപ്രതിനിധി ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമുള്ള കാര്യമല്ലേയെന്നു കോടതി ചോദിച്ചു.
പരാമവധി ശിക്ഷ കൊടുക്കുന്നതിനു വിചാരണക്കോടതി സ്വീകരിച്ച യുക്തിയെക്കുറിച്ചു കോടതി പരാമർശിച്ചു. ഒരാളുടെ അവകാശം മാത്രമല്ല, ഒരു ലോക്സഭാ മണ്ഡലത്തിന്റെ മുഴുവൻ വിഷയമാണ്. ഇക്കാര്യം വിചാരണക്കോടതി പരിഗണിച്ചായിരുന്നോ? എംപിയെന്ന നിലയുള്ള പരിഗണന നൽകാൻ കഴിയില്ലെന്നാണ് കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത് – കോടതി ചൂണ്ടിക്കാട്ടി.
ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിനായി വാദിച്ചത്.സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു രാഹുൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനു വേണ്ടി ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ. സുപ്രീം കോടതയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു