ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻനാവികർ കുറ്റമുക്തരായി

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻനാവികർ കുറ്റമുക്തരായി
alternatetext

ന്യൂഡല്‍ഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻനാവികർ അതിവേഗം കുറ്റമുക്തരായി തിരിച്ചെത്തിയത് ഇന്ത്യയുടെ നയതന്ത്രപാടവത്തിനു ലഭിച്ച വലിയ അംഗീകാരമായി. ഭാരതസർക്കാരിന്റെ ഇടപെടലിലൂടെ വധശിക്ഷ റദ്ദാക്കപ്പെട്ടശേഷം തടവില്‍ കഴിയുകയായിരുന്ന മലയാളി അടക്കം എട്ടു നാവികരില്‍ ഏഴുപേരാണ് തിരിച്ചെത്തിയത്. യാത്രാരേഖകളുമായി ബന്ധപ്പെട്ടാണ് ഒരാളുടെ യാത്ര വൈകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഖത്തർ അമീർ ഷെയ്ഖ് തമീം നിൻ ഹമദിനെ നേരില്‍ കണ്ട് മോചനത്തിന് നന്ദി പറയും.

മുൻ നാവികനായ മലയാളി രാഗേഷ് ഗോപകുമാർ, മുൻ ക്യാപ്ടൻമാരായ നവതേജ് സിംഗ് ഗില്‍, ബീരേന്ദ്ര കുമാർ വർമ്മ, സൗരഭ് വസിഷ്ഠ്, മുൻ കമാൻഡർമാരായ അമിത് നാഗ്പാല്‍, പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത എന്നിവരാണ് കുറ്റവിമുക്തരായത്. ഞായറാഴ്‌ച രാവിലെ സാധനങ്ങളുമെടുത്ത് തയ്യാറായിരിക്കാൻ ജയില്‍ അധികൃതർ ആവശ്യപ്പെട്ടപ്പോള്‍ കുറ്റമുക്തരായ വിവരം അറിഞ്ഞിരുന്നില്ല. ദോഹ ഇന്ത്യൻ എംബസിയിലേക്കും അവിടെനിന്ന് വിമാനത്താവളത്തിലേക്കും കൊണ്ടുപോയി. ഇൻഡിഗോ വിമാനത്തില്‍ ഞായറാഴ്ച രാത്രി രണ്ടു മണിയോടെ ഡല്‍ഹിയിലെത്തി. വിദേശകാര്യ മന്ത്രാലയം ഖത്തറിന് നന്ദി പറഞ്ഞിറക്കിയ പത്രക്കുറിപ്പിലൂടെയാണ് മോചനവിവരം പുറത്തറിഞ്ഞത്.

വധശിക്ഷ വിധിച്ചതു മുതല്‍ വിഷയം അതീവ ജാഗ്രതയോടെയാണ് കേന്ദ്രസർക്കാർ കൈകാര്യം ചെയ്തത്. മാദ്ധ്യമങ്ങള്‍ക്ക് സമ്ബൂർണ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. മോചനത്തിന് ഇടയാക്കിയ നയതന്ത്ര നീക്കങ്ങളും രഹസ്യമാണ്. എട്ടുപേരുടെയും വിലാസവും പുറത്തുവിട്ടിട്ടില്ല.