ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ നടക്കുന്ന പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നഗരത്തില്‍ കര്‍ശന ഗതാഗത,സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബീച്ചിലും പരിസര പ്രദേശങ്ങളിലും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായ് കൂടുതല്‍ ഷാഡോ പോലീസ് ഉദ്യോഗസ്ഥരെയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും ലൈഫ് ഗാര്‍ഡുകളെയും വിന്യസിക്കുമെന്ന് പോലിസ് അറിയിച്ചു. ട്രാഫിക് ക്രമീകരണങ്ങള്‍ക്കായി 500 ല്‍ പരം പോലീസ് ഉദ്യോഗസ്ഥരെ നഗരത്തില്‍ വിന്യസിക്കും.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. മദ്യപിച്ച് വാഹന മോടിക്കുന്നവരുടെ വാഹനം പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കുകയും ഡ്രൈവിംഗ് ലൈസൻ സ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ ബീച്ച് ഭാഗത്തേക്കുള്ള വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും.
ആലപ്പുഴ ഫോംമാറ്റിംഗ്‌സിന് സമീപമുള്ള അടിപ്പാതയിലൂടെ അടിയന്തര ഗതാഗതത്തിന് മാത്രമാണ് അനുവാദം. ബീച്ച് റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. പുതുവത്സരാഘോഷത്തിന് എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് റിക്രിയേഷൻ ഗ്രൗണ്ട്, എഫ്.സി.ഐ റോഡ്, സി.സി.എൻ.ബി റോഡ്, ഡച്ച് സ്‌ക്വയര്‍ റോഡ്, മുപ്പാലത്തിന് സമീപം കനാലിന്‍റെ ഇരു വശം എന്നിവിടങ്ങളിലായാണ് പാര്‍ക്കിംഗ് ക്രമീകരിച്ചിട്ടുള്ളത്. മാരാരിക്കുളം ബീച്ച് ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് ദേശീയപാതയില്‍ കളിത്തട്ട് ജംഗ്ഷൻ – ബീച്ച് റോഡില്‍ വണ്‍വേ നിയന്ത്രണമുണ്ടാകും. ബിച്ചില്‍ നിന്നുള്ള വാഹനങ്ങള്‍ തീരദേശ റോഡിലൂടെ പോകണമെന്നും പോലീസ് നിര്‍ദേശമുണ്ട്.