പുതിയ ഡിജിറ്റല്‍ ഇന്ത്യ നിയമം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്പ് നടപ്പിലാക്കാൻ കഴിഞ്ഞേക്കില്ല:രാജീവ് ചന്ദ്രശേഖര്‍.

പുതിയ ഡിജിറ്റല്‍ ഇന്ത്യ നിയമം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്പ് നടപ്പിലാക്കാൻ കഴിഞ്ഞേക്കില്ല:രാജീവ് ചന്ദ്രശേഖര്‍.
alternatetext

ന്യൂഡല്‍ഹി: പുതിയ ഡിജിറ്റല്‍ ഇന്ത്യ നിയമം അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്പ് നടപ്പിലാക്കാൻ കഴിഞ്ഞേക്കില്ലെന്ന് ഇലക്‌ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റല്‍ ഇന്ത്യ നിയമം നടപ്പിലാക്കാൻ വിപുലമായ കൂടിയാലോചനകള്‍ ആവശ്യമാണെന്നും നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സമയമില്ലെന്നും ലോബല്‍ ടെക്നോളജി ഉച്ചകോടിയില്‍ പ്രസംഗിക്കവെ മന്ത്രി വ്യക്തമാക്കി.

2000 ല്‍ പുറത്തിറക്കിയ ഐടി നിയമമാണ് ഇപ്പോഴും പിന്തുടരുന്നത്. 23 വര്‍ഷത്തിലേറെ പഴക്കമുള്ള നിയമത്തില്‍ ഇന്‍റര്‍നെറ്റ് എന്ന വാക്കുപോലുമില്ല. നിയമം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു. എന്നാല്‍ പുതിയ ഡിജിറ്റല്‍ ഇന്ത്യ നിയമത്തിന്‍റെ കരട് തയാറായിട്ടുണ്ടെന്നും വിശദമായ കൂടിയാലോചനകള്‍ ആവശ്യമായതിനാല്‍ സമയമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ആര്‍ട്ടിഫിഷല്‍ ഇന്‍റലിജൻസിന്‍റെ നല്ല വശങ്ങളെ പ്രയോജനപ്പെടുത്തുക എന്നതാണു രാജ്യത്തിന്‍റെ നിലപാടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ രംഗത്തും വിദ്യാഭ്യാസ മേഖലയിലും ആര്‍ട്ടിഫിഷല്‍ ഇന്‍റലിജൻസ് വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജൻസിനെ അമിതമായി വിലക്കരുതെന്നാണ് രാജ്യത്തിന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.