പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയായി

പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയായി
alternatetext

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയായി. കേസില്‍ ഓഗസ്റ്റ് 22നും സുധാകരനെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇനി 10 തവണ വിളിച്ചാലും വരുമെന്നും എല്ലാ രേഖയും ഇഡിക്ക് കൊടുത്തിട്ടുണ്ടെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

‘ഇഡിയുടെ എല്ലാം ചോദ്യങ്ങള്‍ക്കും ലളിതമായ ഭാഷയില്‍ മറുപടി പറഞ്ഞു. അവര്‍ ചോദിച്ച സകല രേഖയും കൈമാറി. എനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാല്‍, ബാങ്ക് വിവരങ്ങളും വീടിന്റെയും പറമ്ബിന്റെയും രേഖകളും ഉള്‍പ്പെടെ എല്ലാം കൊടുത്തിട്ടുണ്ട്. അതിന്റെ മുകളില്‍ കേസ് വന്നാല്‍ കോടതിയില്‍ നേരിടും. ഇഡി ഇനി 10 തവണ വിളിച്ചാലും ഞാന്‍ വരും. തെളിവുണ്ടോയെന്ന് ഞാനല്ലല്ലോ പറയേണ്ടത്. നിങ്ങള്‍ അവരോടു ചോദിക്ക് തെളിവു കിട്ടിയോ എന്ന്. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല. വിളിച്ചാല്‍ ആത്മവിശ്വാസത്തോടെ വരും. വരേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന്റെ ഭാഗമല്ലേ ഇത്, അനുസരിക്കാതിരിക്കുന്നതു ശരിയല്ലല്ലോ. നമ്മളൊക്കെ രാജ്യത്തെ നിയമം അംഗീകരിച്ചു പോകുന്ന ആളുകളല്ലേ’-സുധാകരന്‍ പറഞ്ഞു.

‘സോളര്‍ കേസെല്ലാം കഴിഞ്ഞുപോയതാണ്. അതെല്ലാം അയവിറക്കി അനാവശ്യമായി വിവാദമുണ്ടാക്കേണ്ട. അതെല്ലാം മറന്നേക്കൂ. ഗൂഢാലോചനയില്‍ അന്വേഷണം വേണം. ഗൂഢാലോചനയുടെ പിന്നില്‍ ആരാണെന്ന് ജനം അറിയണം. ആളുകളുടെ മനസ്സിനകത്ത് ഉമ്മന്‍ ചാണ്ടിയെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതാന്‍ അതു സഹായിക്കും. ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് ശാന്തി പകരാന്‍ അന്വേഷണം അനിവാര്യമാണ്.

മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തു വിവരക്കേടാണ് പറഞ്ഞത്. ഇങ്ങനെ ഗതികെട്ട, വിവരമില്ലാത്ത മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴില്‍ ജീവിക്കുന്നതുതന്നെ നാണക്കേടാണ്. എന്തു സേവനം നല്‍കിയിട്ടാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനി പണം വാങ്ങിയത് എന്നാണ് ചോദ്യം. ഒരു സേവനവും ചെയ്യാതെ മാസാമാസം വീട്ടിലേക്ക് പൈസ എത്തിക്കുന്നുണ്ടെങ്കില്‍ തെറ്റായ എന്തോ ഉണ്ട്. മുഖ്യമന്ത്രി ജനത്തെ വിഡ്ഢിയാക്കുകയാണോ?’- സുധാകരന്‍ ചോദിച്ചു.