കൊച്ചി: പ്രായം പൂര്‍ത്തിയാകാത്ത വ്യക്തി വാഹനം ഓടിച്ചതിന് വാഹന ഉടമയായ സഹോദരനെതിരേ 34000 രൂപ പിഴയും ഒരു ദിവസത്തെ വെറും തടവിനും കോടതി ശിക്ഷ വിധിച്ചു. വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെ സെഷൻ 180 പ്രകാരം 5000 രൂപയും 199 എ പ്രകാരം 25000 രൂപ പിഴയും കോടതി സമയം തീരുന്നതു വരെ ഒരു ദിവസം വെറും തടവിനുമാണ് വിധിച്ചത്. റോഷന്റെ ലൈസൻസ് മൂന്നു മാസത്തേക്കും വാഹനത്തിന്റെ ആര്‍. സി. ഒരു വര്‍ഷത്തേക്കും സസ്പെൻസ് ചെയ്യാനും ഉത്തരവായി.
വാഹനത്തിന് രജിസ്ട്രേഷൻ നമ്ബര്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ 2000 രൂപയും ഇൻഡിക്കേറ്റര്‍, മിറര്‍ എന്നിവ ഘടിപ്പിക്കാത്തതിനാല്‍ 1000 രൂപയും അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കാത്തതിന് 1000 രൂപയും അടക്കമാണ് പിഴ ചുമത്തിയിരിക്കുന്നത്.സ്പെഷ്യല്‍ കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജഡ്ജി കെ.വി.നൈനയാണ് ഉത്തരവിട്ടത്.
നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയില്‍ ആലുവ ഭാഗത്ത് നിന്നും ഏപ്രില്‍ മാസത്തിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ പി എസ് ജയരാജ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാരായ കെ പി ശ്രീജിത്ത്, ടി ജി നിഷാന്ത്, ഡ്രൈവര്‍ എം സി ജിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.