ന്യൂഡല്‍ഹി: പ്രധാനമന്ത്രി വയനാട് സന്ദർശിക്കുന്നതിന് നന്ദിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അപകടത്തിന്‍റെ വ്യാപ്തി നേരിട്ട് കാണുമ്ബോള്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കും എന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. വ്യോമസേനയുടെ വിമാനത്തില്‍ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. തുടർന്ന് ഹെലികോപ്റ്ററില്‍ അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകള്‍ കണ്ണൂരിലെത്തി.
പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉണ്ടാവും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് പ്രദേശത്ത് തെരച്ചില്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തെരച്ചിലുമായി ബന്ധപ്പെട്ട ആർക്കും ഇന്ന് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.ദുരന്ത സ്ഥലം സന്ദർശിക്കുന്നതു കൂടാതെ ക്യാമ്ബുകളും സൈന്യം നിർമിച്ച ബെയ്‌ലി പാലവും പ്രധാനമന്ത്രി സന്ദർശിക്കും.