നിയമനമാവശ്യപ്പെട്ട് വനിത സിവില്‍ പൊലീസ് ഓഫിസേഴ്സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ സെക്രട്ടേറിയേറ്റിനു മുന്നില്‍ ആരംഭിച്ച നിരാഹാര സമരം അഞ്ചു ദിവസം പിന്നിട്ടു.

alternatetext

തിരുവനന്തപുരം: നിയമനമാവശ്യപ്പെട്ട് വനിത സിവില്‍ പൊലീസ് ഓഫിസേഴ്സ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ സെക്രട്ടേറിയേറ്റിനു മുന്നില്‍ ആരംഭിച്ച നിരാഹാര സമരം അഞ്ചു ദിവസം പിന്നിട്ടു.

സമരത്തിന് നേരെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ കണ്ണടച്ചതോടെ, കല്ലുപ്പില്‍ മുട്ടുകുത്തിനിന്നായിരുന്നു ഞായറാഴ്ചത്തെ ഉദ്യോഗാർഥികളുടെ പ്രതിഷേധം.

സ്വയം വേദനിപ്പിച്ചുനിന്നുകൊണ്ടുള്ള പ്രതിഷേധത്തില്‍ നിരവധി യുവതികളുടെ മുട്ട് പൊട്ടി. നിരാഹാര സമരം തുടർന്ന ബിനു സ്മിത പ്രതിഷേധത്തിനിടെ, കുഴഞ്ഞുവീണതോടെ ഇവരെ പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. പകരം ഉദ്യോഗാർഥികളായ ആതിര, മേഘ എന്നിവർ നിരാഹാര സമരം ആരംഭിച്ചു.

കൊടിയ ചൂടും മഴയും അവഗണിച്ച്‌ 14 ജില്ലകളില്‍ നിന്നായി നിരവധി പേരാണ് സമരരംഗത്തുള്ളത്. 12 ദിവസം കൂടി കാലാവധിയുള്ള റാങ്ക് പട്ടികയില്‍ 60 നോണ്‍ ജോയിനിങ് ഡ്യൂട്ടി (എൻ.ജെ.ഡി) ഉള്‍പ്പെടെ 292 ഒഴിവുകള്‍ മാത്രമാണ് 11 മാസം കൊണ്ട് റിപ്പോർട്ട് ചെയ്തത്. മുൻ റാങ്ക് പട്ടികകളില്‍ 500 ഓളം നിയമനങ്ങള്‍ നടന്ന സ്ഥാനത്താണിത്.

കഴിഞ്ഞ ദിവസം ശയന പ്രദക്ഷിണം നടത്തിയായിരുന്നു ഉദ്യോഗാർഥികള്‍ പ്രതിഷേധിച്ചത്. സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും ഉദ്യോഗാർഥികളുമായി ചർച്ചക്ക് സർക്കാർ തയാറായിട്ടില്ല. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണെന്നും ഉദ്യോഗാർഥികള്‍ ആരോപിക്കുന്നു.