കൊച്ചി: പൊതു വിദ്യാഭ്യാസ മേഖലയില്‍ കേരളം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. എറണാകുളം ഗവണ്‍മെൻറ് ഗേള്‍സ് എല്‍.പി സ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതു വിദ്യാഭ്യാസ മേഖലയിലെ ഈ വളര്‍ച്ച രാജ്യാന്തരതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. സാങ്കേതികതയെ വിദ്യാഭ്യാസവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നേറി. യുനെസ്കോയുടെ ഗ്ലോബല്‍ എജ്യുക്കേഷൻ മോണിറ്ററിംഗ് റിപ്പോര്‍ട്ട് 2023 ഈ മേഖലയിലെ കേരളത്തിന്റെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ പ്രവേശനം, തുല്യത, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സംസ്ഥാനം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ഇന്റര്‍നെറ്റ് കണക്ടിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കോവിഡ് സമയത്തും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈൻ വിദ്യാഭ്യാസം നല്‍കി. നിരവധി നൂതന ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍ സംസ്ഥാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകള്‍ പാഠപുസ്തകങ്ങള്‍, വീഡിയോകള്‍, മൂല്യനിര്‍ണ്ണയങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ വിദ്യാഭ്യാസ ഉറവിടങ്ങളിലേക്കാണ് പ്രവേശനം നല്‍കുന്നത്.
ക്ലാസ് മുറിയില്‍ സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അധ്യാപകരെയും നമ്മള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അധ്യാപനത്തിന്റെയും പഠനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്.
കേരളം ഈ രംഗത്ത് കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സമ്ബ്രദായം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സംസ്ഥാനം ഏറെ മുന്നേറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പ്രകടനം, മൂല്യനിര്‍ണ്ണയ ഡാറ്റ എന്നിവ ട്രാക്ക് ചെയ്യുന്നതിന് നിരവധി ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സമ്ബ്രദായത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്താൻ ഇത് സഹായിച്ചു.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഈ വളര്‍ച്ചക്ക് കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന ഡിജിറ്റല്‍ വിപ്ലവമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും വഴി ആയിരക്കണക്കിന് കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ നടന്നത്. ഇതിന്റെ ഭാഗമായി 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കി.
എല്ലാ മണ്ഡലങ്ങളിലും വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ സ്ഥാപിച്ചു. ആ വികസനത്തിന്റെ മാതൃകയാണ് എറണാകുളം ഗവ.ഗേള്‍സ് എല്‍പി സ്കൂളും. പുതിയ സ്കൂള്‍ കെട്ടിടം സ്കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപയുടെ പ്ലാൻ ഫണ്ടും സമഗ്ര ശിക്ഷ കേരളയുടെ 28.5 ലക്ഷ്യം രൂപയുടെ സിവില്‍ വര്‍ക്ക് ഫണ്ടും ഉപയോഗിച്ചാണ് സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആറ് ക്ലാസ് മുറികള്‍,രണ്ട് ശുചിമുറികള്‍, ഒരു ഊണ് മുറി എന്നിവയാണ് പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാലയത്തില്‍ പൂര്‍ത്തിയാക്കിയ ഒന്നാം തരം ക്ലാസ് മുറിയുടെ ഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷൻ മേയര്‍ എം.അനില്‍കുമാര്‍ നിര്‍വഹിച്ചു. ടി.ജെ വിനോദ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു