ന്യൂഡല്‍ഹി: പ്ളസ് ടു വരെയുള്ള സാമൂഹിക പാഠം പുസ്‌തകങ്ങളില്‍ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ക്കു പകരം ‘ഭാരത്’ എന്നു മാറ്റാനും ഭാരതീയ രാജാക്കൻമാരുടെ വിജയങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും എൻ.സി.ഇ.ആര്‍.ടിയുടെ പാഠ്യപദ്ധതി പരിഷ്‌കരണ സമിതി ശുപാര്‍ശ ചെയ്തു. അടുത്ത കൊല്ലം നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് എൻ.സി.ഇ.ആര്‍.ടി ചെയര്‍മാൻ ദിനേഷ് സക്ലാനി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാൻ ചരിത്രകാരനും മലയാളിയുമായ സി.ഐ. ഐസക്കിന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ ഏഴംഗ സമിതിയുടേതാണ് ശുപാര്‍ശ. ഇന്ത്യ ‘ഭാരത്” എന്നും പുരാതന ചരിത്രം ‘ക്ലാസിക്കല്‍ ഹിസ്റ്ററി” എന്നും മാറ്റുമെന്ന് ഐസക് അറിയിച്ചു. എല്ലാ വിഷയങ്ങളിലും ഇന്ത്യൻ നോളജ് സിസ്റ്റം (ഐ.കെ.എസ്-ഇന്ത്യൻ അറിവുകള്‍) ഉള്‍പ്പെടുത്തണം. ‘ഭാരത്” എന്നത് കമ്മിറ്റിയുടെ ഏകകണ്ഠ ശുപാര്‍ശയാണ്.
ഭാരതം വളരെ പഴക്കമുള്ള പേരാണ്. 7,000 വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണം പോലുള്ള പുരാതന ഗ്രന്ഥങ്ങളില്‍ ഭാരതം എന്ന് ഉപയോഗിച്ചിട്ടുണ്ട്. 1757ലെ പ്ലാസി യുദ്ധത്തിനും ഈസ്റ്റ് ഇന്ത്യ കമ്ബനി രൂപീകരണത്തിനും ശേഷമാണ് ഇന്ത്യ എന്ന പേര് ഉപയോഗത്തിലായത്. ഭരണഘടനയിലും ഇന്ത്യ അഥവാ ഭാരത് എന്നാണ് പറയുന്നതെന്നും ഐസക് ചൂണ്ടിക്കാട്ടി.
ഭാരത രാജാക്കന്മാരുടെ വിജയം ക്ലാസിക്കല്‍ ഹിസ്റ്ററി ഹൈന്ദവ രാജാക്കൻമാരുടെ വിജയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനാണ് പുരാതന ചരിത്രം എന്നത് ‘ക്ലാസിക്കല്‍ ഹിസ്റ്ററി” എന്നു മാറ്റുന്നത്. നിലവില്‍ ഹൈന്ദവ രാജാക്കൻമാരുടെ പരാജയങ്ങളാണ് പാഠപുസ്തകങ്ങളില്‍. സുല്‍ത്താന്മാര്‍ക്കെതിരെ നേടിയ വിജയങ്ങള്‍ പഠിപ്പിക്കുന്നില്ലെന്നും ഇന്ത്യൻ ചരിത്രഗവേഷണ കൗണ്‍സില്‍ (ഐ.സി.എച്ച്.ആര്‍ ) അംഗം കൂടിയായ ഐസക് പറഞ്ഞു.
മാര്‍ത്തണ്ഡവര്‍മ്മയടക്കം രാജാക്കൻമാരുടെ ജീവിതം പാഠപുസ്തകങ്ങള്‍ വിസ്മരിച്ചു. ബ്രിട്ടീഷുകാര്‍ ആവിഷ്‌കരിച്ച പഠന സമ്ബ്രദായമാണ് നിലവിലുള്ളത്. അവര്‍ ഇന്ത്യൻ ചരിത്രത്തെ പുരാതന, മധ്യ, ആധുനിക കാലങ്ങളായി വിഭജിച്ചു. പുരാതനം എന്ന ഭാഗത്തില്‍ ഇന്ത്യയില്‍ ശാസ്ത്ര അറിവും പുരോഗതിയും ഇല്ലാത്ത ഇരുണ്ട യുഗമായാണ് കാണിക്കുന്നത്. അതുകൊണ്ടാണ് ക്ലാസിക്കല്‍ കാലഘട്ടം എന്ന് മാറ്റി സിലബസ് പരിഷ്‌കരിക്കുന്നത്. ”
ഐ.സി.എച്ച്.ആര്‍ ചെയര്‍പേഴ്‌സണ്‍ രഘുവേന്ദ്ര തൻവാര്‍, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി അദ്ധ്യാപകൻ പ്രൊഫസര്‍ വന്ദന മിശ്ര, ഡെക്കാണ്‍ കോളജ് ഡീംഡ് യൂണിവേഴ്‌സിറ്റി മുൻ വി.സി വസന്ത് ഷിൻഡെ, ഹരിയാനയിലെ സോഷ്യോളജി അദ്ധ്യാപകൻ മംമ്ത യാദവ് എന്നിവരും സമിതി അംഗങ്ങളാണ്.