തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി ജി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്തത് സ്ത്രീധനത്തെച്ചൊല്ലി പ്രതിശ്രുതവരന് ഡോ. റുവൈസ് ചെലുത്തിയ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് തെളിയുകയാണ്. സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഡോ. റുവൈസ് ഡോക്ടര്‍മാരുടെ അവകാശപ്പോരാട്ടങ്ങളിലൂടെയും വന്ദനാദാസ് കൊലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളിലൂടെയും മാധ്യമശ്രദ്ധയാര്‍ജിച്ചയാളാണ്. അവകാശസമരങ്ങളുടെ അമരത്ത് നില്‍ക്കുമ്ബോഴും സ്ത്രീധന വിഷയത്തിലുള്‍പ്പെടെ ഡോ. റുവൈസ് സ്വീകരിച്ച വിഷലിപ്തമായ നിലപാടുകളെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം വിമര്‍ശിക്കുകയാണ്.
പി ജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു ഡോ റുവൈസ്. മെഡിക്കല്‍ എന്ട്രന്സില് 76-ാം റാങ്കുനേടിയിരുന്ന റുവൈസ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളിലും നിലപാട് പറഞ്ഞയാളുമായിരുന്നു. ഐഎംഎ ഈ മാസം 10ന് ആലുവയില്‍ സംഘടിപ്പിക്കുന്ന ഡോക്ടര്‍മാരുടെ അവകാശലംഘനങ്ങള്‍ക്കെതിരായ പരിപാടിയില്‍ പ്രാസംഗികരുടെ കൂടെ റുവൈസിന്റേയും പേരുണ്ട്.
വലിയ തുക സ്ത്രീധനം ആവശ്യപ്പെടുന്ന തന്റെ പിതാവിന്റെ നിലപാടുകളോട് പൂര്‍ണമായി പിന്തുണച്ച് ഷഹനയെ ഡോ റുവൈസ് നിരന്തരം ശല്യപ്പെടുത്തിയെന്ന് ഷഹനയുടെ കുടുംബം ആരോപിക്കുന്നുണ്ട്. സ്ത്രീധനത്തിനായി റുവൈസ് സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം.
റുവൈസിന്റെ പിതാവാണ് വലിയ തുക സ്ത്രീധനം ചോദിച്ചത്. പണമാണ് തനിക്ക് വലുതെന്ന് റുവൈസ് ഷഹനയോട് പറഞ്ഞെന്നും സഹോദരന് ജാസിം നാസ് പറഞ്ഞു.