അടിമാലി: പട്ടാപ്പകല്‍ അടിമാലി ടൗണില്‍ പെട്രോള്‍ ശരീരത്തില്‍ ഒഴിച്ചു തീകൊളുത്തി ആത്മഹത്യയ്‌ക്കു ശ്രമിച്ചു ചികിത്സയിലായിരുന്ന ഹോട്ടല്‍ തൊഴിലാളിയായ യുവാവ് മരിച്ചു. അടിമാലി അമ്ബലപ്പടിയില്‍ വാടകയ്‌ക്കു താമസിച്ചിരുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേകൈതയ്‌ക്കല്‍ ജിനീഷ് (39) ആണ് ഇന്നലെ മരണമടഞ്ഞത്. ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം. 90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ഒന്‍പതിനു വൈകിട്ട് 4.45 ന് താലൂക്ക് ആശുപത്രിക്കു മുന്‍വശത്തു സെന്‍ട്രല്‍ ജങ്‌ഷനിലാണ് ആത്മഹത്യാശ്രമമുണ്ടായത്. കന്നാസില്‍ കരുതിയ പെട്രോള്‍ സ്വയം ശരീരത്തില്‍ ഒഴിച്ചു തീ കൊളുത്തുന്ന വീഡിയോ സമീപത്തെ വ്യാപാരസ്‌ഥാപനത്തിലെ നിരീക്ഷണ കാമറയില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. തീ ശക്‌തമായി ശരീരത്തില്‍ ആളിപ്പടര്‍ന്നതോടെ ജിനീഷ് നിലത്തുവീണു. ഓടിക്കൂടിയ നാട്ടുകാര്‍ ചാക്ക് നനച്ചും മണല്‍വാരിയെറിഞ്ഞും തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ശരീരം മുഴുവന്‍ പൊള്ളലേറ്റു. ഉടന്‍ സമീപത്തുള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്‍കി.
വര്‍ഷങ്ങളായി ടൗണിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്‌തു വരികയായിരുന്നു ജിനീഷ്. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്‌തമല്ലെന്നു പോലീസ് പറഞ്ഞു. അവിവാഹിതനായ ജ്യേഷ്‌ഠനും മാതാവുംമാത്രമാണ് ജിനീഷിനുള്ളത്. ആത്മഹത്യാശ്രമത്തിനു മുമ്ബു സമീപത്തെ ഹോട്ടലിലെത്തി, നേരത്തെ ചെയ്‌ത ജോലിയുടെ ശമ്ബളം ആവശ്യപ്പെട്ടിരുന്നു. വാക്കേറ്റമുണ്ടായശേഷമായിരുന്നു തീ കൊളുത്തിയത്. വീടു വില്‍പന നടത്തി ലഭിച്ച 25 ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ ഉണ്ടായിരുന്നതായി ജിനീഷിന്റെ അടുത്ത സുഹൃത്ത് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മറ്റു ദുരൂഹതകളുണ്ടോ എന്നും അന്വേഷിക്കുമെന്ന് ഇടുക്കി ഡിവൈ.എസ്.പി: ജില്‍സന്‍ മാത്യു പറഞ്ഞു. ഹോട്ടലിലുണ്ടായ തര്‍ക്കം സംബന്ധിച്ച് സി.സി. ടിവി ദൃശ്യങ്ങളും ശബ്‌ദരേഖയും പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്