പെരുമ്പാവൂർ: ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരാൾ ആശുപത്രിയിൽ. രണ്ടു ദിവസം മുമ്പ് വെളുപ്പിന് നാലുമണിയോടെയാണ് അല്ലപ്ര കുറ്റിപ്പാടം അങ്കണവാടിക്കു സമീപം ഒരാൾ ചോരയൊലിച്ചു പരിക്കേറ്റ നിലയിൽ കിടക്കുന്നതായി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് ആരോ വിളിച്ചു പറഞ്ഞത്. ഉടൻതന്നെ സംഭവസ്ഥലത്ത് എത്തിയ പോലീസ് അബോധാവസ്ഥയിൽ കിടന്ന നാൽപതുകാരനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും, പ്രാഥമിക ചികിത്സയ്ക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
മർദ്ദനമേറ്റതാണെന്ന് സ്ഥിരീകരിച്ച പോലീസ് അബോധാവസ്ഥയിൽ കഴിയുന്നയാളുടെ മൊഴിയെടുക്കാൻ സാധിക്കാത്തതിനാൽ ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തുകയും പ്രതികളായ നാലുപേരെ പിടികൂടുകയും ചെയ്തു. ആസാം നൗഗാവ് സ്വദേശികളായ ഹഫിജുർ റഹ്മാൻ, ഇസ്രാഫീൽ അലി, മജ്ബൂൽ റഹ്മാൻ, അമ്രാൻ ഹുസൈൻ ഫാറൂഖി എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.
സംഭവം നടന്നതിനു സമീപത്തെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ ഇവർ മർദ്ദനമേറ്റ ആളുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ഇരുമ്പുകമ്പിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പ്ലൈവുഡ് കമ്പനിയിൽ നിന്നുമാണ് പോലീസ് നാല് പേരെയും കസ്റ്റഡിയിൽ എടുത്തത്.