കൊച്ചി: പേരാമ്ബ്രയില്‍ യുവതിയെ തോട്ടില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്മാൻ, മുമ്ബ് 57 കേസുകളില്‍ പ്രതിയായിരുന്നിട്ടും ജാമ്യത്തില്‍ പുറത്തിറങ്ങിയ ആളാണെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. കൊടുംക്രിമിനലായ ഇയാള്‍ക്ക് ഒരുകാരണവശാലും ജാമ്യം അനുവദിക്കാൻ പാടില്ലായിരുന്നെന്നും ജാമ്യം ലഭിച്ചത് നിയമസംവിധാനത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.
പേരാമ്ബ്ര വാളൂരില്‍ അനു എന്ന യുവതിയെയാണ് മുജീബ് റഹ്മാൻ മാർച്ച് 11-ന് കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്താനായി തിരക്കിട്ട് പോവുകയായിരുന്ന യുവതിയെ വേഗത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ് ഇയാള്‍ ലിഫ്റ്റ് നല്‍കി. തുടർന്ന് തോട്ടിലേക്ക് തള്ളിയിട്ട ശേഷം മുക്കിക്കൊന്ന് ആഭരണങ്ങള്‍ കവരുകയായിരുന്നെന്ന് പോലീസ് പറയുന്നു. മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടില്‍നിന്ന് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരേ 13 കേസുകള്‍ നിലവിലുണ്ട്. മൂന്നുവർഷം മുമ്ബ് കോഴിക്കോട് മുക്കത്ത് വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിലും പ്രതിയാണ്.
‘വയോധികയെ പീഡിപ്പിച്ച കേസിലെ അന്വേഷണം വൈകിയതുകൊണ്ടാണ് പ്രതിയ്ക്ക് ജാമ്യം ലഭിച്ചതെന്നാണ് അറിയാൻ കഴിഞ്ഞത്. അത് കൊല്ലപ്പെട്ട അനുവെന്ന യുവയതിയുടെ കുറ്റമാണോ?’ -കെമാല്‍ പാഷ ചോദിച്ചു. ’57 കേസില്‍ പ്രതിയായ ആള്‍ക്ക് ഒരുകാരണവശാലും ജാമ്യം നല്‍കാൻ പാടില്ലായിരുന്നു. ഇയാള്‍ കൊടുംക്രിമിനലാണെന്ന് കോടതിയെ അറിയിക്കുന്നതില്‍ പോലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ബോണ്‍ ക്രിമിനല്‍ ഇനിയൊരിക്കലും പുറംലോകം കാണില്ലെന്ന് ഉറപ്പാക്കണം.’ -അദ്ദേഹം കൂട്ടിച്ചേർത്തു